കേരളം

നിറവും വലുപ്പവും; തലനാടൻ ​ഗ്രാമ്പൂവിന് ഭൗമസൂചികാ പദവി

കോട്ടയം : കോട്ടയം ജില്ലയിലെ തലനാടൻ ഗ്രാമ്പൂവിന് ഭൗമസൂചികാ പദവി. കേരള കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെന്റർ, കൃഷിവകുപ്പ്, തലനാടൻ ഗ്രാമ്പൂ ഉൽപ്പാദക സംസ്കരണ വ്യാവസായിക സഹകരണ സംഘം, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്, തലനാട് പഞ്ചായത്ത് എന്നിവയുടെ കൂട്ടായ ശ്രമഫലമാണ് തലനാടൻ ഗ്രാമ്പൂവിന്‌ പദവി ലഭിച്ചത്‌.

തലനാട് പ്രദേശത്തെ പ്രത്യേക കാലാവസ്ഥയും മണ്ണും കൃഷി രീതികളുമാണ്‌ തലനാടൻ ഗ്രാമ്പൂവിനെ വ്യത്യസ്തമാക്കുന്നത്. മൊട്ടിന്റെ ആകർഷക നിറം, വലുപ്പം, സു​ഗന്ധം, ഔഷധ​ഗുണം എന്നിവകൊണ്ട് വിപണിയിൽ മുൻപ് തന്നെ ശ്രദ്ധ നേടിയതാണ് ഈ ​ഗ്രാമ്പൂ. ഭൗമസൂചികാ പദവി ലഭിച്ചതോടെ ദേശീയ, അന്തർദേശീയ വിപണികളിൽ ഇതിന് പ്രിയമേറുമെന്ന് കൃഷി വകുപ്പ് അധികൃതർ വ്യക്തമാക്കി.

മീനച്ചിൽ താലൂക്കിലെ മലമ്പ്രദേശമായ തലനാട് ​ഗ്രാമപ്പഞ്ചായത്താണ് ഇതിന്റെ ജന്മദേശം. സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ ​ഗ്രാമ്പൂ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ്. ഡിസംബർ- ജനുവരിയാണ് വിളവെടുപ്പ് കാലം.

ഈരാറ്റുപേട്ട ബ്ലോക്കിലെ തലനാട്, തീക്കോയി, മേലുകാവ്, പൂഞ്ഞാർ, തെക്കേക്കര, തലപ്പലം, തിടനാട്, മൂന്നിലവ് എന്നീ പഞ്ചായത്തുകളിലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും തലനാടൻ‌ ​ഗ്രാമ്പൂ കൃഷി ചെയ്യുന്നു. കേരളത്തിൽ നിന്ന് ഭൗമസൂചികാ പദവി ലഭിച്ച 36 ഉത്പ്പന്നങ്ങളിൽ 23 എണ്ണവും കാർഷികോത്പന്നങ്ങളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button