പുതിയ നീക്കവുമായി ടെസ്‌ല; ദക്ഷിണ കൊറിയൻ കമ്പനി എൽജിയുമായി ബാറ്ററി കരാർ ഒപ്പുവച്ചു

കാലിഫോർണിയ : വാഹന വിപണിയിൽ പുതിയ നീക്കവുമായി അമേരിക്കൻ ഇലക്ട്രിക് നിർമാതാക്കളായ ടെസ്‌ല. ദക്ഷിണ കൊറിയൻ കമ്പനിയുമായി ബാറ്ററി കരാറിലെത്തിയിരിക്കുകയാണ് ടെസ്ല. ചൈനയെ ആശ്രയിക്കുന്നത് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ പുതിയ കരാർ. 4.3 ബില്ല്യൺ ഡോളറിന്റെ ബാറ്ററി കരാറിലാണ് ടെസ്‌ല ഒപ്പുവച്ചത്. ദക്ഷിണ കൊറിയൻ കമ്പനിയായ എൽജി എനർജി സെല്യൂഷനുമായാണ് കരാർ.
മൂന്ന് വർഷത്തേക്കാണ് കരാർ. 2027 മുതൽ പ്രാബല്യത്തിൽ വരുന്ന കരാർ 2030 വരെ നീണ്ടുനിൽക്കും. കരാർ നീട്ടാനും കഴിയുന്നതാണ്. ചൈനീസ് വിപണിയിൽ ടെസ്ല കാറുകളുടെ വിൽപന കുറയുന്നതിനിടെയാണ് പുതിയ നീക്കം. കരാർ പ്രകാരം കമ്പനിയുടെ അമേരിക്കയിലെ ഫാക്ടറിയിൽ നിന്ന് ബാറ്ററികൾ ടെസ്ലയ്ക്ക് നൽകും. യുഎസ്-ചൈന താരിഫ് യുദ്ധമാണ് പുതിയ കരാറിന് കാരണമായിരിക്കുന്നത്.
ചൈനയിൽ നിന്നുള്ള ബാറ്ററികൾക്ക് യുഎസ് കനത്ത നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ടെസ്ലയ്ക്ക് ആവശ്യമായ ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററികൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ദക്ഷിണ കൊറിയൻ കമ്പനിയുമായി കരാറിലെത്തിയത്.