ജർമനിയിൽ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്
മൂന്ന് പേർ കൊല്ലപ്പെട്ടു, എട്ടു പേർക്ക് പരിക്ക്
ഫ്രാങ്ക്ഫർട്ട് : ജർമനിയിൽ സംഗീത പരിപാടിക്കിടെ കത്തിയാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. എട്ടു പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. പരിപാടിക്കിടെ കത്തിയുമായി എത്തിയ ആക്രമി അപ്രതീക്ഷിതമായി അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട അക്രമിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. അക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
പടിഞ്ഞാറൻ ജർമനിയിലെ സൂലിങ്ങൻ നഗരത്തിലാണ് ആക്രമമുണ്ടായത്. വെള്ളിയാഴ്ച രാത്രി 9.40ന് സൂലിങ്ങൻ നഗരത്തിന്റെ വാർഷികാഘോഷത്തിന്നി ഇടയിലാണ് അക്രമി ആൾക്കൂട്ടത്തിൽ കണ്ണിൽ കണ്ടവരെയെല്ലാം കുത്തിവീഴ്ത്തിയത്. മിക്കവരുടെയും കഴുത്തിലാണ് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു.
26കാരനാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. അക്രമണത്തിനു പിന്നാലെ നടത്തിയ തെരച്ചിലിൽ രണ്ട് പേരെ കൂടെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിൽ ഒരാൾ 15കാരനാണ് എന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റിലായവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റിന്റെ പോരാളിയാണ് ഇയാള്‍ എന്നാണ് ഐഎസ് പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. പാലസ്തീനിലെ മുസ്ലീങ്ങള്‍ക്കു വേണ്ടിയുള്ള പ്രതികാരമാണ് ഇതെന്നും ടെലഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ ഐഎസ് പറഞ്ഞു.