അന്തർദേശീയം

മാര്‍പാപ്പയെ അവസാനമായി കാണാന്‍ പതിനായിരങ്ങള്‍; സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍

വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ എത്തുന്നത്. സാന്താ മാര്‍ത്ത വസതിയില്‍നിന്നു കര്‍ദിനാള്‍മാരുടെ വിലാപയാത്രയുടെ അകമ്പടിയോടെയാണു സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് പൊതുദര്‍ശനത്തിനായി പാപ്പായെ ഇന്നലെ കൊണ്ടുവന്നത്.

പാപ്പായുടെ ആഗ്രഹംപോലെ ഉയര്‍ന്ന പീഠം ഒഴിവാക്കി ചെറിയ റാംപില്‍ പേടകം വച്ചു. ഇരുവശത്തും 2 വീതം സ്വിസ് ഗാര്‍ഡുമാര്‍ കാവല്‍നിന്നു.

കര്‍ദിനാള്‍മാരും ബിഷപ്പുമാരും ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നാലെ ആയിരക്കണക്കിനു വിശ്വാസികള്‍ പാപ്പായെ അവസാനമായി കണ്ട് കടന്നുപോയി. വിശ്വാസികളുടെ എണ്ണം നിയന്ത്രണാതീതമായതോടെ അര്‍ധരാത്രിക്കുശേഷവും പൊതുദര്‍ശനം നീട്ടുമെന്നു വത്തിക്കാന്‍ അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ട് പത്തിനു പൊതുദര്‍ശനം പൂര്‍ത്തിയാക്കി പേടകം അടയ്ക്കും. ശനിയാഴ്ച ഇന്ത്യന്‍ സമയം 1.30ന് ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി പാപ്പായെ മേരി മേജര്‍ ബസിലിക്കയിലെത്തിച്ച് അടക്കം ചെയ്യും. ലോകനേതാക്കള്‍ സാക്ഷ്യം വഹിക്കും. പിന്നീട് 9 ദിവസം ദുഃഖാചരണം. പിന്‍ഗാമിയെ കണ്ടെത്താനുള്ള കോണ്‍ക്ലേവിനു മേയ് 5നു മുന്‍പു തുടക്കമാകും. 135 കര്‍ദിനാള്‍മാര്‍ക്കാണു വോട്ടവകാശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button