മെക്സിക്കോയിൽ ബസ് അപകടം; പത്ത് പേർ മരിച്ചു, 32 പേർക്ക് പരിക്ക്

മെക്സിക്കോ സിറ്റി : കിഴക്കൻ മെക്സിക്കോയിലെ വെരാക്രൂസ് സംസ്ഥാനത്ത് ബസ് അപകടപ്പെട്ട് ഒരു കുട്ടിയടക്കം പത്ത് പേർ മരിച്ചു. അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പ്രാദേശിക അധികൃതരാണ് അപകടവിവരം പുറത്തുവിട്ടത്.
ക്രിസ്മസ് തലേന്ന് മെക്സിക്കോ സിറ്റിയിൽ നിന്ന് ചിക്കോണ്ടെപെക് ഗ്രാമത്തിലേക്ക് യാത്രക്കാരുമായി പോയ ബസാണ് സോണ്ടെകോമാറ്റ്‌ലാൻ നഗരത്തിൽ വെച്ച് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഒൻപത് മുതിർന്നവരും ഒരു കുട്ടിയും ഉൾപ്പെടുന്നുവെന്ന് സോണ്ടെകോമാറ്റ്‌ലാൻ മേയറുടെ ഓഫീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. പരിക്കേറ്റ 32 പേരുടെ പട്ടികയും അവർ ചികിത്സയിൽ കഴിയുന്ന ആശുപത്രികളുടെ വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
മെക്സിക്കോയിൽ ഇത്തരം റോഡപകടങ്ങൾ പതിവാണ്. അമിതവേഗതയോ സാങ്കേതിക തകരാറുകളോ ആണ് മിക്കപ്പോഴും ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നത്. കഴിഞ്ഞ നവംബർ അവസാന വാരം പടിഞ്ഞാറൻ സംസ്ഥാനമായ മിച്ചോവാക്കനിലുണ്ടായ സമാനമായ അപകടത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.



