ദില്ലിയിൽ പ്രസാദം നൽകാൻ വൈകിയതിന് ക്ഷേത്ര ജീവനക്കാരനെ യുവാക്കൾ അടിച്ചുകൊന്നു

ദില്ലി : ദില്ലിയിൽ പ്രസാദം നൽകാൻ വൈകിയതിന് ക്ഷേത്ര ജീവനക്കാരനെ യുവാക്കൾ അടിച്ചുകൊന്നു. യുവാക്കളിലൊരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. രണ്ടുപേർക്കായി തെരച്ചിൽ തുടരുന്നു. ജനമധ്യത്തിൽ നടന്ന നടുക്കുന്ന സംഭവത്തിന്റ ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ രാത്രി ഒൻപത് മണിക്കാണ് കേസിനാസ്പദമായ സംഭവം. കൽക്കാജി ക്ഷേത്രത്തിലെ ജോലിക്കാരനായ 35 കാരനായ ഉത്തർപ്രദേശ് സ്വദേശി യോഗേന്ദ്ര സിംഗിനെയാണ് ഒരു സംഘം യുവാക്കൾ ക്രൂരമായി മർദിച്ചു കൊന്നത്. വലിയ വടിയും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ചാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യോഗേന്ദ്ര സിംഗിനെ നാട്ടുകാർ ഉടൻ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
15 പേരടങ്ങുന്ന യുവാക്കളുടെ സംഘം രാത്രി ക്ഷേത്രത്തിലെത്തി പ്രസാദം ആവശ്യപ്പെട്ടെന്നും നൽകാൻ വൈകിയപ്പോൾ സംഘർഷമുണ്ടാക്കിയെന്നുമാണ് ദൃക്സാക്ഷികൾ പോലീസിന് നൽകിയ മൊഴി. ഈ യുവാക്കളുടെ സംഘം നേരത്തെയും ക്ഷേത്രത്തിലെത്തി പ്രശ്നങ്ങളുണ്ടാക്കിയെന്നും നാട്ടുകാർ പറയുന്നു. പത്ത് പതിനഞ്ചുപേരുള്ള സംഘമാണ് വന്നത്. ഈ യുവാക്കൾ ക്ഷേത്രത്തിൽ വരുമ്പോഴൊക്കെ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ക്ഷേത്ര ജീവനക്കാരനായ രാജു പറഞ്ഞു.
മർദനത്തിന് ശേഷം ക്ഷേത്രത്തിൽനിന്നും ഓടി രെക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിലെ അതുൽ പാണ്ഡെയെയാണ് നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞെന്നും, ഉടൻ പിടികൂടുമെന്നും ദില്ലി പോലീസ് അറിയിച്ചു. ക്ഷേത്രത്തിന് സമീപത്ത് ആളുകൾ നോക്കി നിൽക്കേ നടന്ന സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയാണ്.