ജോൺ എഫ് കെന്നഡിയുടെ കൊച്ചുമകളും പരിസ്ഥിതി പത്രപ്രവർത്തകയുമായ ടാറ്റിയാന ഷ്ലോസ്ബെർഗ് അന്തരിച്ചു

വാഷിങ്ടൺ ഡിസി : മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ കൊച്ചുമകളും പരിസ്ഥിതി പത്രപ്രവർത്തകയുമായ ടാറ്റിയാന ഷ്ലോസ്ബെർഗ് (35) അന്തരിച്ചു. അർബുദ രോഗബാധിതയായിരുന്നു. ജോൺ എഫ് കെന്നഡി ലൈബ്രറി ഫൗണ്ടേഷൻ ആണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മരണവിവരം അറിയിച്ചത്.
പരിസ്ഥിതി പത്രപ്രവർത്തകയായ ടാറ്റിയാന, തനിക്ക് ഗുരുതരമായ അർബുദം ബാധിച്ച വിവരം കഴിഞ്ഞ നവംബറിലാണ് വെളിപ്പെടുത്തിയത്. ഒരു വർഷത്തിൽ താഴെ മാത്രമേ തനിക്ക് ആയുസ്സുള്ളൂ എന്ന് ഡോക്ടർമാർ അറിയിച്ചതായി ഒരു ലേഖനത്തിൽ അവർ എഴുതിയിരുന്നു. എന്നാൽ രോഗാവസ്ഥയെ ഭയമില്ലാതെയാണ് ടാറ്റിയാന നേരിട്ടത്. തന്റെ മരണം കുടുംബത്തിന് നൽകുന്ന വേദനയെക്കുറിച്ചും അവർ എഴുതി. ടാറ്റിയാനയുടെ മുത്തച്ഛൻ പ്രസിഡന്റ് കെന്നഡി 1963-ൽ വെടിയേറ്റു മരിക്കുകയും, അമ്മാവൻ ജോൺ എഫ്. കെന്നഡി ജൂനിയർ 1999-ൽ വിമാനാപകടത്തിൽ മരിക്കുകയും ചെയ്തിരുന്നു. ഇത്തരം ദുരന്തങ്ങൾ കണ്ട കുടുംബത്തിന് തന്റെ വേർപാടും വലിയ ആഘാതമാകുമെന്ന് അവർ കുറിപ്പിൽ എഴുതിയിരുന്നു.
ഡിസൈനർ എഡ്വിൻ ഷ്ലോസ്ബെർഗിന്റെയും നയതന്ത്രജ്ഞ കരോലിൻ കെന്നഡിയുടെയും മകളാണ് ടാറ്റിയാന. ഭർത്താവ് ജോർജ്ജ് മോറൻ. രണ്ട് കുട്ടികളുമുണ്ട്.



