സൗരയൂഥത്തിൽ ഒൻപതാം ഗ്രഹത്തിന് തെളിവ് ലഭിച്ചെന്ന് തയ്‌വാൻ ശാസ്ത്രജ്ഞർ

തയ് പെയ് : പ്ലൂട്ടോയ്ക്കപ്പുറം ഒരു വമ്പൻ ഗ്രഹം സൗരയൂഥത്തിൽ സ്ഥിതി ചെയ്യുന്നുണ്ടോ? ഇത്തരമൊരു ഗ്രഹത്തിനു നേരിട്ടുള്ള തെളിവ് ലഭിച്ചെന്ന വാദവുമായി തയ്‌വാനിൽനിന്നുള്ള ശാസ്ത്രജ്ഞർ രംഗത്തെത്തി. നിലവിൽ ഉപയോഗത്തിലില്ലാത്ത 2 സ്പേസ് ടെലിസ്കോപുകളിൽനിന്ന് മുൻപ് ശേഖരിച്ച ഡേറ്റ അടിസ്ഥാനപ്പെടുത്തിയാണു ശാസ്ത്രജ്ഞരുടെ വാദം. എന്നാൽ, ഗവേഷണം പൂർണമായും വിശ്വാസയോഗ്യമല്ലെന്നു ചില ഗവേഷകർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
നിലവിൽ 8 ഗ്രഹങ്ങളാണു സൗരയൂഥത്തിൽ. എന്നാൽ, ഒൻപതാമത് ഒരു ഗ്രഹമുണ്ടോയെന്ന സംശയം ഏറെക്കാലമായുണ്ട്. നെപ്റ്റ്യൂൺ ഉൾപ്പെടെ സൗരയൂഥത്തിൽ അകലത്തു നിൽക്കുന്ന ചില ഗ്രഹങ്ങളുടെ ഭ്രമണപഥത്തിൽ കണ്ടെത്തിയ പിഴവുകളാണ് ഇത്തരമൊരു സിദ്ധാന്തത്തിന് ഇന്ധനമായത്. പ്ലൂട്ടോ ഇടയ്ക്ക് കുറച്ചുകാലം ഒൻപതാം ഗ്രഹമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് ഗ്രഹപദവി നഷ്ടപ്പെട്ടു. എന്നാൽ, സിദ്ധാന്തപ്രകാരമുള്ള ഒൻപതാം ഗ്രഹം വലിയ പിണ്ഡവും വലുപ്പവുമുള്ള ഒരു വമ്പൻ ഗ്രഹമാണ്.