അന്തർദേശീയം

ആണവപദ്ധതി നിർത്തിവെയ്ക്കാൻ യു.എസ്. ഭീഷണി; മിസൈൽ ശേഖരം കാട്ടി ഇറാന്റെ മറുപടി

ടെഹ്‌റാന്‍ : ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രത്തിന്റെ വീഡിയോ പുറത്തുവിട്ട് ഇറാന്‍. ആണവ പദ്ധതികള്‍ നിര്‍ത്തിവെയ്ക്കണമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ആയുധശേഖരത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോ ഇറാന്‍ പുറത്തുവിട്ടത്. നിലവില്‍ പുറത്തുവന്ന ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രം ഉള്‍പ്പെടെ മൂന്ന് മിസൈല്‍ കേന്ദ്രങ്ങൾ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മിസൈല്‍ കേന്ദ്രത്തിന്റെ 85 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ഇറാന്‍ സൈന്യമായ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ( ഐ.ആര്‍.ജി.സി) പുറത്തുവിട്ടത്. ഖൈബര്‍ ഷെഖാന്‍, ഖാദര്‍- എച്ച്, സെജില്‍, പവെ തുടങ്ങി ഇറാന്‍ സ്വന്തമായി വികസിപ്പിച്ച മിസൈലുകളുടെ ശേഖരമാണ് ഈ ഭൂഗര്‍ഭ കേന്ദ്രത്തിലുള്ളത്. ഈ മിസൈലുകളാണ് ഇസ്രയേലിനെ ആക്രമിക്കാനായി ഇറാന്‍ പ്രയോഗിച്ചിരുന്നത്.

2020-ലാണ് ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രത്തെ പരസ്യപ്പെടുത്തിയത്. മൂന്ന് വര്‍ഷത്തിന് ശേഷം മറ്റൊരു കേന്ദ്രത്തിന്റെ വിവരങ്ങളും പരസ്യപ്പെടുത്തി. ഇതില്‍ യുദ്ധവിമാനങ്ങളുള്‍പ്പെടെ സൂക്ഷിക്കാനുള്ള സംവിധാനങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാമതൊരു ഭൂഗര്‍ഭ ആയുധകേന്ദ്രം കൂടിയുണ്ട് എന്ന് ഇറാന്‍ ലോകത്തോട് വെളിപ്പെടുത്തിയത്.

യുറേനിയം സംപുഷ്ടീകരണവും മിസൈല്‍ വികസനവും ഉള്‍പ്പെടെ എല്ലാ ആണവ പദ്ധതികളും രണ്ടുമാസത്തിനകം അവസാനിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഇറാനൊട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി പുതിയ കരാറില്‍ ഒപ്പിടണമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതിന് വഴങ്ങിയില്ലെങ്കില്‍ കടുത്ത ഉപരോധവും വേണ്ടിവന്നാല്‍ സൈനിക നടപടിയും ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഈ ഭീഷണി നിലനില്‍ക്കെയാണ് ആയുധശക്തി വെളിപ്പെടുത്തി ഇറാന്‍ വീഡിയോ പുറത്തുവിട്ടത്.

നിലവില്‍ പുറത്തുവിട്ട വീഡിയോ പ്രകാരം ഇറാന്റെ ഭൂഗര്‍ഭ ആയുധകേന്ദ്രം സുരക്ഷിതമല്ലെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. ഈ കേന്ദ്രം ആക്രമിക്കപ്പെട്ടാല്‍ വലിയ സ്‌ഫോടനമുണ്ടാകാതെ തടയാനുള്ള സംവിധാനങ്ങള്‍ ഇല്ലെന്നാണ്‌ ഇവര്‍ പറയുന്നത്. തുറന്ന ടണലിനോട് ചേര്‍ന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചിരിക്കുന്നത്. സ്‌ഫോടനത്തെ ചെറുക്കാനുള്ള ബ്ലാസ്റ്റ് ഡോറുകളോ പ്രത്യേക ആയുധ അറകളോ വീഡിയോയില്‍ കാണാനില്ല. അതിനാല്‍ ഒരു ആക്രമണം നേരിടേണ്ടി വന്നാല്‍ ഭൂഗര്‍ഭ കേന്ദ്രത്തിലുണ്ടാവുക ചിന്തിക്കാനാകാത്ത വിധമുള്ള സ്‌ഫോടനമാകാമെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. ഈ ഭൂഗര്‍ഭ കേന്ദ്രങ്ങള്‍ എവിടെയാണെന്നത് ഇറാന്‍ വെളിപ്പെടുത്തിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button