ന്യൂയോർക്ക് മേയർ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് തുടരുന്നു; മംദാനിക്ക് മുൻതൂക്കം

ന്യൂയോർക്ക് : ന്യൂയോർക്ക് മേയർ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് തുടരുന്നു. പതിനേഴ് ലക്ഷം പേർ വോട്ട് ചെയ്തുവെന്ന് ന്യൂയോർക്ക് സിറ്റി ബോർഡ് ഓഫ് ഇലക്ഷൻസ്. പ്രവചനങ്ങളെല്ലാം ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനിക്ക് അനുകൂലമാണ്. മംദാനി ജയിച്ചാൽ നഗരത്തിന് വിപത്താകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 30 വർഷത്തിലെ ഏറ്റവും കനത്ത പോളിങ്ങാണ് നടക്കുന്നതെന്നാണ് വിവരം. ഈ വർഷം 7,35,317 വോട്ടർമാർ നേരത്തെ വോട്ട് രേഖപ്പെടുത്തിയിരുന്നു.
അഭിപ്രായവോട്ടെടുപ്പിൽ 14.7 ശതമാനത്തിന്റെ ലീഡാണ് മംദാനിക്ക് എതിരാളിയായ സ്വതന്ത്ര സ്ഥാനാർത്ഥി ആൻഡ്രൂകുമോയുമായി ഉള്ളത്. മംദാനി ജയിച്ചാൽ ന്യൂയോർക്കിനുള്ള ഫെഡറൽ ധനസഹായം വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞു. മംദാനി വിജയിച്ചാൽ ന്യൂയോർക്ക് നഗരത്തിന് ആദ്യത്തെ മുസ്ലീം മേയറും ഏറ്റവും പ്രായം കുറഞ്ഞ നേതാവും ആയി മാറും. ആൻഡ്രൂകുമോ വിജയിച്ചാൽ, ലൈംഗിക പീഡന ആരോപണത്തെത്തുടർന്ന് ഗവർണർ സ്ഥാനം രാജിവച്ച് നാല് വർഷത്തിന് ശേഷം അദ്ദേഹം ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തും.
ഡോണൾഡ് ട്രംപിന്റെ കണ്ണിലെ കരടാണ് മംദാനി. ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിൽ കാലു കുത്തിയാൽ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കും എന്ന് മംദാനി പറഞ്ഞത് അന്തരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായിരുന്നു. ജൂത വംശജർ മംദാനിക്ക് വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ അവർ പമ്പര വിഢികളാണെന്ന് ട്രംപ് പറഞ്ഞു. മംദാനി അമേരിക്കയിലെത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തുന്നത്.



