ജൂണിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കും : ഇമ്മാനുവൽ മാക്രോൺ

പാരിസ് : ജൂണിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചേക്കുമെന്ന് സൂചിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തെക്കുറിച്ച് ജൂണിൽ സൗദി അറേബ്യയുമായി സഹകരിച്ച് നടത്തുന്ന യു.എൻ കോൺഫറൻസിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആരെയും സന്തോഷിപ്പിക്കാനല്ല, ശരിയെന്ന് തോന്നുന്നതിനാലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം സാധ്യമാക്കുന്നതിനുമുള്ള ശരിയായ ചുവടുവെപ്പാണ് ഫ്രാൻസിേന്റതെന്ന് ഫലസ്തീൻ വിദേശകാര്യ സഹമന്ത്രി വാർസെൻ അഖാബെകിയാൻ ഷാഹിൻ പറഞ്ഞു.
അതേസമയം, ഫലസ്തീൻ രാഷ്ട്രത്തെ ഏകപക്ഷീയമായി അംഗീകരിക്കുന്നത് ഹമാസിന് പ്രോത്സാഹനമാകുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദോൺ സാർ പറഞ്ഞു. 193 യു.എൻ അംഗരാജ്യങ്ങളിൽ 147 എണ്ണം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്.