മജിസ്റ്റീരിയൽ അന്വേഷണങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനായുള്ള വിവാദബിൽ മാൾട്ടീസ് പാർലമെന്റ് പാസാക്കി

മജിസ്റ്റീരിയൽ അന്വേഷണങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനായുള്ള വിവാദബിൽ മാൾട്ടീസ് പാർലമെന്റ് പാസാക്കി. പുതിയ ഭേദഗതി പ്രകാരം സ്വകാര്യ വ്യക്തികൾക്ക് മജിസ്റ്റീരിയൽ അന്വേഷണങ്ങൾ ആവശ്യപ്പെടാനാകില്ല. ഒപ്പം മജിസ്റ്റീരിയൽ അന്വേഷണങ്ങൾക്ക് കർശനമായ രണ്ട് വർഷത്തെ സമയപരിധി ഏർപ്പെടുത്തുകയും ചെയ്തു. പ്രതിഷേധത്തിനിടെ 30 നെതിരെ 37 വോട്ടുകൾക്ക് പ്രമേയം അംഗീകരിച്ചു. പ്രസിഡന്റ് അംഗീകാരം നൽകിയാലുടൻ ക്രിമിനൽ കോഡ് ഭേദഗതി ചെയ്യുന്ന ബിൽ നിയമമാകും.
ചൊവ്വാഴ്ച ബില്ല് പരിഗണനാ സമിതി ചർച്ച ചെയ്തു, സർക്കാർ അതിന്റെ വിവാദപരമായ വ്യവസ്ഥകളിൽ ഒന്ന് മാറ്റി ഭേദഗതികൾ വരുത്തി. തൽഫലമായി, പരിഷ്കരണം ഇനി മജിസ്റ്റീരിയൽ അന്വേഷണങ്ങളെ അറ്റോർണി ജനറലിന്റെ മേൽനോട്ടത്തിന് വിധേയമാക്കുന്നില്ല. വിദഗ്ധരുടെ നിയമനം ഇപ്പോൾ അന്വേഷിക്കുന്ന മജിസ്ട്രേറ്റിന്റെയും ചീഫ് ജസ്റ്റിസിന്റെയും കൈകളിലായിരിക്കും. മുൻ പ്രധാനമന്ത്രി ജോസഫ് മസ്ക്കറ്റിനെതിരെ സ്വകാര്യ വ്യക്തികൾ ആവശ്യപ്പെട്ട ഒരു അന്വേഷണം നാടകീയമായ ഫലം നൽകിയതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് സർക്കാർ മാറ്റങ്ങൾ അവതരിപ്പിച്ചത് .