ഷോർട്ട്-ലെറ്റ് അപ്പാർട്ട്‌മെന്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സ്വീക്കി മേയർ

ഷോർട്ട്-ലെറ്റ് അപ്പാർട്ട്‌മെന്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സ്വീക്കി മേയർ. റസിഡൻഷ്യൽ ടൗണായ സ്വീക്കിയുടെ അടിസ്ഥാന സ്വഭാവത്തിൽ ഷോർട്ട്-ലെറ്റ് പ്രോപ്പർട്ടികളിൽ താമസിക്കുന്ന വിനോദസഞ്ചാരികൾ മാറ്റം വരുത്തുന്നുവെന്നാണ് മാൾട്ട ഭരണനേതൃത്വത്തോടുള്ള സന്ദേശത്തിൽ സ്വീക്കി മേയർ നോയൽ മസ്‌ക്കറ്റ് പറഞ്ഞത്. മാലിന്യ നിർമാർജനം, വിനോദ സഞ്ചാരികളുടെ പെരുമാറ്റം , നശീകരണ പ്രവർത്തനങ്ങൾ എന്നിവ നഗരത്തിന് തലവേദനയാണെന്നാണ് മേയർ പറയുന്നത്.
അടുത്ത വേനൽക്കാലത്തോടെ 1,000 ഷോർട്ട്-ലെറ്റ് കിടക്കകൾ കൂടി നഗരത്തിൽ വന്നേക്കാം. യഥാർത്ഥത്തിൽ റെസിഡൻഷ്യൽ ഉപയോഗത്തിനായി ഉദ്ദേശിച്ചിരുന്ന സ്വീക്കി പട്ടണം ഇപ്പോൾ ടൂറിസത്തിന്റെ മറവിൽ അനിയന്ത്രിതമായ വാണിജ്യ പ്രവർത്തനങ്ങളാൽ നിറഞ്ഞിരിക്കുകയാണെന്ന് മേയർ വാദിച്ചു. പ്രാദേശികധാരണയില്ലാതെ ലൈസൻസുകൾ നൽകിയതിന് മാൾട്ട ടൂറിസം അതോറിറ്റി (എംടിഎ)യെ അദ്ദേഹം വിമർശിച്ചു. വർഷങ്ങളായി മുന്നറിയിപ്പുകൾ നൽകിയിട്ടും സർക്കാർ ഇക്കാര്യത്തിൽ നിഷ്‌ക്രിയത്വം കാട്ടുകയാണ്. “സ്വീക്കിയുടെ റെസിഡൻഷ്യൽ സ്വഭാവം പ്രായോഗികമായി ഇല്ലാതാക്കിയിരിക്കുന്നു,” മസ്‌കറ്റ് പറഞ്ഞു,
12 ആവശ്യങ്ങളടങ്ങിയ ആക്ഷൻ പ്ലാനാണ് സ്വീക്കി പട്ടണം മാൾട്ടീസ് സർക്കാരിന് മുന്നിൽ വെച്ചത്.
നഗരത്തിന്റെ ജനസാന്ദ്രത പഠനം പൂർത്തിയാകുംവരെ ഷോർട്ട്-ലെറ്റുകൾ പെർമിറ്റുകൾക്ക് മൊറട്ടോറിയം.
-ഷോർട്ട്-ലെറ്റുകൾ വാണിജ്യ ഉപയോഗമായി തരംതിരിക്കണം, ഇതിനായി ആസൂത്രണ ചട്ടങ്ങളിൽ മാറ്റങ്ങൾ വേണം
-നിർബന്ധിത മാലിന്യ സംസ്കരണവും ശബ്ദ നിയന്ത്രണവും ഉൾപ്പെടെ കർശനമായ ലൈസൻസിംഗ് വ്യവസ്ഥകൾ.
-എംടിഎയും തദ്ദേശ കൗൺസിലുകളും തമ്മിലുള്ള അടുത്ത സഹകരണം.
– രാത്രിയിൽ പോലീസ് പട്രോളിംഗ് വർധിപ്പിക്കുക
-റെസിഡൻഷ്യൽ സോണുകളിലെ 24/7 ഔട്ട്‌ലെറ്റുകൾക്കുള്ള പുതിയ നിയന്ത്രണങ്ങൾ.
-നിയമങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ഓൺ-ദി-സ്പോട്ട് ഫൈനുകളും ബോഡിക്യാമുകളും .
ഈ ആവശ്യങ്ങളിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെങ്കിൽ, കൂടുതൽ താമസക്കാർ സ്വീക്കി വിട്ടുപോകുന്നത് തുടരുമെന്ന് മേയർപറഞ്ഞു: “താമസക്കാർ ബഹുമാനവും മെച്ചപ്പെട്ട ജീവിത നിലവാരവും അർഹിക്കുന്നു. മതി. ഇപ്പോൾ പ്രവർത്തിക്കേണ്ട സമയമാണ്.”