ആദ്യ വാർത്താസമ്മേളനത്തിൽ കുഴഞ്ഞുവീണ് സ്വീഡഷ് ആരോഗ്യമന്ത്രി

സ്റ്റോക്ക്ഹോം : മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ കുഴഞ്ഞുവീണ് വനിതാമന്ത്രി. സ്വീഡന്റെ പുതിയ ആരോഗ്യമന്ത്രി എലിസബത്ത് ലാന് ആണ് കുഴഞ്ഞുവീണത്. ചൊവ്വാഴ്ചയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റെര്സണ്, ക്രിസ്ത്യന്‍ ഡെമോക്രാറ്റ്സ് പാര്‍ട്ടി നേതാവ് എബ്ബ ബുഷ് എന്നിവര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു നാല്‍പ്പത്തെട്ടുകാരിയായ ലാന്. സംസാരം പൂര്‍ത്തിയാക്കി നിമിഷങ്ങള്‍ക്കകം മന്ത്രി കുഴഞ്ഞുവീണു. ഇതോടെ എബ്ബയും മാധ്യമപ്രവര്‍ത്തകരും സുരക്ഷാഉദ്യോഗസ്ഥരും ലാനിന്റെ അരികിലേക്ക് ഓടിയെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.
അല്പസമയത്തിനകം മടങ്ങിയെത്തിയ ലാന്, രക്തത്തിലെ പഞ്ചസാരയുടെ നില താഴ്ന്നുപോയതിനെ തുടര്‍ന്നാണ് കുഴഞ്ഞുവീഴാനിടയായതെന്ന് പ്രതികരിക്കുകയും ചെയ്തു. തിങ്കളാഴ്ച അക്കൊ അന്കാബെര്ഗ് ജൊഹാന്സണ് രാജിവെച്ചതിന് പിന്നാലെയാണ് സ്വീഡന്റെ ആരോഗ്യമന്ത്രിയായി ലാന് ചൊവ്വാഴ്ച ചുമതലയേറ്റത്.