ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

ഇൻഡോർ : ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങളെ പിന്തുടരുകയും ലൈംഗികാതിക്രമം നടത്തിയതുമായി പരാതി. വ്യാഴാഴ്ച രാവിലെ ഇൻഡോറിലെ ഹോട്ടലിൽ നിന്ന് അടുത്തുള്ള കഫെയിലേക്ക് പോകവെയാണ് അപമാനകരമായ സംഭവം. ആസ്ട്രേലിയൻ ടീമിൻറെ സെക്യൂരിറ്റി മാനേജർ സൈമൺ ഡാനിസിന്റെ പരാതിയിൽ പ്രതി അഖ്വീൽ ഖാനെ എംഐജെ പൊലീസ് അറസ്റ്റ് ചെയ്തു.
സൗത്താഫ്രിക്കക്ക് എതിരായ ഏകദിന ലോകകപ്പ് സെമി ഫൈനൽ മത്സരത്തിനായാണ് ആസ്ട്രേലിയൻ താരങ്ങൾ ഇൻഡോറിലെത്തിയത്. ആസ്ട്രേലിയൻ താരങ്ങൾ താമസിച്ചിരുന്ന റാഡിസൺ ബ്ലൂ ഹോട്ടലിനു സമീപത്തുള്ള കഫെയിലേക്ക് പോകവെ അഖ്വീൽ താരങ്ങളെ മോട്ടോർ ബൈക്കിൽ പിന്തുടർന്ന് അപമര്യാദയായി പെരുമാറി . ഉടൻ തന്നെ ടീം സെക്യൂരിറ്റി മാനേജറെ അറിയിക്കുകയും തുടർന്ന് എംഐജെ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു എന്നും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 74, 78 വകുപ്പുകൾ പ്രകാരം ഒരു സ്ത്രീയുടെ അന്തസിന് ക്ഷതമേൽപ്പിക്കുകയും, സ്ത്രീയെ പിന്തുടരുകയോ ചെയ്തതിന് പ്രതിക്കെതിരെ കുറ്റം ചുമത്തി. ഇൻഡോർ ക്രൈം ബ്രാഞ്ച് അഡീഷണൽ ജില്ലാ പൊലീസ് കമ്മീഷണറായ രാജേഷ് ദണ്ഡോതിയയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. “ആസ്ട്രേലിയൻ ടീമിന്റെ സെക്യൂരിറ്റി ഇൻ-ചാർജ് മാനേജർ രണ്ട് കളിക്കാർക്കെതിരെ അപമര്യാദയായ പെരുമാറ്റത്തിന് പരാതി നൽകി. ഞങ്ങൾ തന്ത്രപരമായ ഓപ്പറേഷൻ നടത്തി കുറ്റവാളിയായ അഖ്വീലിനെ അറസ്റ്റ് ചെയ്തു. പ്രതി ഖജ്രാന സ്വദേശിയാണെങ്കിലും ഇപ്പോൾ ആസാദ് നഗറിലാണ് താമസിക്കുന്നത്. അഖ്വീലിന്റെ പേരിൽ പഴയ ക്രിമിനൽ റെക്കോർഡുണ്ട്”. രാജേഷ് ദണ്ഡോതിയ പറഞ്ഞു.
“ഒരു സ്ത്രീക്കും ഇത്തരമൊരു ആഘാതം സഹിക്കേണ്ടി വരരുത്, ഈ വേദനാജനകമായ സംഭവത്തിൽ ഞങ്ങളുടെ പിന്തുണയുണ്ട്.എംപിസിഎ സ്ത്രീകളുടെ ബഹുമാനം, സുരക്ഷ, അന്തസ്സ് എന്നിവയുടെ മൂല്യങ്ങളെ വിലമതിക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ കളിക്കാർ ഈ വേദനാജനകമായ അനുഭവത്തിൽ നിന്നും പുറത്തുവന്ന് ധൈര്യത്തോടും ദൃഢനിശ്ചയത്തോടും കൂടി മത്സരിക്കുന്നത് ശരിക്കും പ്രചോദനം നൽകുന്നു”. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സംഭവത്തിൽ അപലപിച്ചുകൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചു.



