കേരളം

പ്രധാനമന്ത്രിയുടെ ടീമിൽ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപിയും ജോർജ് കുര്യനും

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കേരളത്തിൽ നിന്നുള്ള ഏക ബിജെപി എം.പിയായ സുരേഷ് ഗോപിയും പാർട്ടി നേതാവ് ജോർജ് കുര്യനും. സഹമന്ത്രിമാരായാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിൽ ഇംഗ്ലീഷിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ.

അപ്രതീക്ഷമായിട്ടായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യന്റെ കേന്ദ്രമന്ത്രിസഭയിലേക്കുള്ള പ്രവേശനം. മുമ്പ് 2016 മുതൽ 2021 വരെ ബിജെപിയുടെ രാജ്യസഭാംഗമായിരുന്നു സുരേഷ് ​ഗോപി. ഇതോടെ ഇത്തവണയും കേരളത്തിൽ നിന്ന് കേന്ദ്രത്തിൽ രണ്ട് മന്ത്രിമാരായി. രാത്രി ഏഴരയോടെയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനിൽ ആരംഭിച്ചത്.

പ്രധാനമന്ത്രി പദത്തില്‍ മൂന്നാം തവണയാണ് മോദിയെത്തുന്നത്. ദൈവനാമത്തിലാണ് മോദിയും സത്യപ്രതിജ്ഞ ചെയ്തത്. മോദിക്ക് ശേഷം രണ്ടാമനായി രാജ്‌നാഥ് സിങ്ങാണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാം മോദി മന്ത്രിസഭയിൽ ആഭ്യന്ത്രര മന്ത്രിയായിരുന്ന അമിത്ഷാ മൂന്നാമതായാണ് സത്യപ്രതിജ്ഞ ചെയ്തത്.

72 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതില്‍ 30 ക്യാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 36 സഹമന്ത്രിമാരും ഉള്‍പ്പെടും. ജെ.പി നഡ്ഡ, ശിവരാജ് സിങ് ചൗഹാൻ തുടങ്ങിയ മുതിർന്ന ബിജെപി നേതാക്കളെ കൂടാതെ ജെ.ഡി.യുവിലെയും ടി.ഡി.പിയിലേയും രണ്ട് പേർ വീതവും മന്ത്രിമാരാവുന്നുണ്ട്. ഘടകകക്ഷികളിൽ നിന്ന് ആദ്യം സത്യ പ്രതിജ്ഞ ചെയ്ത് എച്ച്.ഡി കുമാരസ്വാമിയാണ്. ജെഡിയുവിൽ നിന്ന് ലലൻ സിങ്ങും സത്യപ്രതിജ്ഞ ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button