ന്യൂസ് ക്ലിക് എഡിറ്ററെ ജയിലാക്കിയ ഡൽഹി പൊലീസ് നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി
ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി: സംഘപരിവാർ വിരുദ്ധ വാര്‍ത്താ പോര്‍ട്ടല്‍ ആയ ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്തയെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്ത ഡല്‍ഹി പൊലീസ് നടപടി നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി. പുര്‍കായസ്തയെ ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
ചൈനീസ് ബന്ധം ആരോപിച്ച് നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്തിയാണ് പുര്‍കായസ്തയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതു ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ നടപടി.ഇന്ത്യയുടെ പരമാധികാരം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂസ് ക്ലിക്കിന് ചൈനയില്‍നിന്ന് വന്‍തോതില്‍ ഫണ്ട് ലഭിച്ചെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പീപ്പിള്‍സ് അലിയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്യൂറലിസവുമായി ചേര്‍ന്ന് പുര്‍കായസ്ത അട്ടിമറി ശ്രമം നടത്തിയെന്നും എഫ്‌ഐആര്‍ ആരോപിക്കുന്നു.