ദേശീയം
ബലാത്സംഗത്തിന് ഇരയായ 14 -കാരിയുടെ ഗർഭഛിദ്രത്തിന് സുപ്രീംകോടതിയുടെ അനുമതി
ന്യൂഡല്‍ഹി: ബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി നൽകി. 14 വയസുകാരിയായ അതിജീവിതയുടെ ഗർഭഛിദ്രത്തിനാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അനുമതി നല്‍കിയത്. ഇതിന്റെ പൂര്‍ണ ചെലവ് മഹാരാഷ്ട്ര സര്‍ക്കാര്‍ വഹിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
അതിജീവിതയുടെ ഗര്‍ഭം 26 ആഴ്ച പിന്നിട്ടിരുന്നു. 24 ആഴ്ച പിന്നിട്ടാല്‍ ഗർഭഛിദ്രം നടത്താൻ കോടതിയുടെ അനുമതി ആവശ്യമാണ്.ഇതൊരു അസാധാരണ കേസാണെന്നും ആശുപത്രി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയതെന്നും കോടതി പറഞ്ഞു. ഗർഭഛിദ്രത്തിന് അനുവദിക്കാത്ത ബോംബെ ഹൈക്കോടതി ഉത്തരവിന് എതിരെയാണ് പെൺകുട്ടിയുടെ അമ്മ സുപ്രീംകോടതിയിൽ ഹരജി നല്‍കിയത്.