പട്ടികജാതി സംവരണം: പ്രത്യേക ക്വാട്ടയാകാമെന്ന വിധി പുനഃപരിശോധിക്കില്ല – സുപ്രീംകോടതി

ന്യൂഡൽഹി: പട്ടികജാതി വിഭാഗങ്ങളിലെ അതിപിന്നാക്ക വിഭാഗത്തിന് ഉപസംവരണം ഏർപ്പെടുത്തിയ വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രിംകോടതി. വിധിയിൽ അപകാതകയില്ലെന്ന് ഏഴംഗ ബെഞ്ച് വ്യക്തമാക്കി. ആഗസ്റ്റ് ഒന്നിനാണ് ഉപസംവരണം സംബന്ധിച്ച് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ഉപസംവരണം സാധ്യമല്ലെന്നും പട്ടികജാതി ലിസ്റ്റ് തയ്യാറാക്കേണ്ടത് ഭരണഘടനയുടെ 341-ാം വകുപ്പ് പ്രകാരം രാഷ്ട്രപതിയുടെ അധികാരമാണെന്നുള്ള 2004ലെ വിധി (ഇ.വി ചിന്നയ്യയും ആന്ധ്രാപ്രദേശ് സർക്കാരും തമ്മിലുള്ള കേസ്) റദ്ദാക്കിയായിരുന്നു സുപ്രിംകോടതിയുടെ ഏഴംഗ ബെഞ്ചിന്റെ വിധി.പ്രാതിനിധ്യക്കുറവ് കൃത്യമായ കണക്കിന്റെ അടിസ്ഥാനത്തിൽ സാധൂകരിക്കാൻ സർക്കാറിന് കഴിയണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഒരു ഉപവിഭാഗത്തിന് മാത്രമായി മുഴുവൻ സംവരണവും അനുവദിക്കാനാവില്ല. തീരുമാനം കോടതിയുടെ പരിശോധനക്ക് വിധേയമായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.