സാങ്കേതിക തകരാര്‍; ഡല്‍ഹി-ദുബായ് വിമാനം കറാച്ചിയില്‍ ഇറക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ദുബായിലേയ്ക്ക് പറന്ന സ്‌പൈസ്‌ജെറ്റ് ബി737 വിമാനം സാങ്കേതിക പിഴവുകള്‍ മൂലം പാകിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കി.
യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയെന്നും അടിയന്തര പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും എയര്‍ലൈന്‍സ് അറിയിച്ചു.
‘സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് കറാച്ചിയില്‍ ഇറക്കിയത്. അടിയന്തരമായി ഇറക്കിയതല്ല. വിമാനം സുരക്ഷിതമായാണ് ലാന്‍ഡിംഗ് നടത്തിയത്. യാത്രക്കാരെ കറാച്ചിയില്‍ നിന്നും ദുബായില്‍ എത്തിക്കാന്‍ മറ്റൊരു വിമാനം പുറപ്പെട്ടിട്ടുണ്ട്’- എയര്‍ലൈന്‍സ് വക്തമാവ് അറിയിച്ചു.
ജെറ്റിന്റെ ചിറകിലെ ടാങ്കുകളിലൊന്നില്‍ ഇന്ധന ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് വിമാനം കറാച്ചിയില്‍ ഇറക്കിയതെന്ന് ഡിജിസിഎ ഏവിയേഷന്‍ റെഗുലേറ്റര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം ഏവിയേഷന്‍ റെഗുലേറ്റര്‍ സ്‌പൈസ്‌ജെറ്റിന്റെ സുരക്ഷാ ഓഡിറ്റ് നടപ്പിലാക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു.