അനധികൃത കുടിയേറ്റക്കാർക്ക് നിയമപരമായ പദവി നൽകാൻ ഒരുങ്ങി സ്പെയിൻ

മാഡ്രിഡ് : അനധികൃതമായി രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാർക്ക് നിയമപരമായ പദവി നൽകുമെന്ന് സ്പെയിൻ സർക്കാർ.അമേരിക്കയിലും യൂറോപ്പിന്റെ വലിയ ഭാഗങ്ങളിലും കുടിയേറ്റ നയങ്ങൾ കൂടുതൽ കടുപ്പിക്കുമ്പോഴാണ് മാനവികതയിൽ ഊന്നിയ നിലപാട് പ്രഖ്യാപിച്ച് സ്പെയിൻ രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്തെ ഇടതുപക്ഷ പാർട്ടിയായ പൊഡെമോസുമായി ഉണ്ടാക്കിയ ധാരണയ്ക്ക് പിന്നാലെയാണ് സ്പെയിനിൽ ഈ നീക്കത്തിന് വഴി തുറന്നത്. പ്രധാനമന്ത്രി സാൻചസിന്റെ അസ്ഥിരമായ ഭരണകൂടത്തിന് പിന്തുണ നൽകുന്നതിനായി ഇടതുപക്ഷ പാര്‍ട്ടികൾ കുടിയേറ്റക്കാരുടെ സംരക്ഷണം ഉൾപ്പെടെ നിബന്ധകൾ മുന്നോട്ട് വെച്ചിരുന്നു.
പ്രതിവാര മന്ത്രിസഭാ യോഗത്തിന് ശേഷം കുടിയേറ്റ മന്ത്രി എൽമ സായിസ് (Elma Saiz)കുടിയേറ്റ സംരക്ഷണ പ്രഖ്യാപനം നടത്തി.ഇതിനായി നിലവിലുള്ള കുടിയേറ്റ നിയമങ്ങളിൽ അടിയന്തര ഡിക്രി വഴി ഭേദഗതി വരുത്തും.അനധികൃതമായി താമസിക്കുന്ന കുടിയേറ്റക്കാർക്ക് ഒരു വർഷം വരെ സാധുതയുള്ള താമസാനുമതിയും ജോലി ചെയ്യാനുള്ള അവകാശവും നിയമപരമാക്കും.
ആര്‍ക്കെല്ലാം ആനുകൂല്യം ലഭിക്കും
2025ഡിസംബർ 31-നു മുമ്പ് സ്പെയിനിലെത്തിയവരും,കുറഞ്ഞത് അഞ്ച് മാസം രാജ്യത്ത് താമസിച്ചിട്ടുണ്ടെന്ന് തെളിയിക്കാൻ കഴിയുന്നവരുമായ കുടിയേറ്റക്കാർക്ക് ഈ അനുമതി ലഭിക്കും.അപേക്ഷകർ ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന് തെളിയിക്കേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്.
ഈ തീരുമാനത്തിലൂടെ ഏകദേശം 5ലക്ഷം ആളുകൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുമെന്ന് മന്ത്രി എൽമ സായിസ് പറഞ്ഞു.വിവിധ പഠനങ്ങൾ പ്രകാരം,സ്പെയിനിൽ അനധികൃതമായി താമസിക്കുന്നവരുടെ എണ്ണം എട്ട് ലക്ഷമാണെന്ന് കണക്കാക്കപ്പെടുന്നു.
സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാൻചസും അദ്ദേഹത്തിന്റെ മന്ത്രിസഭയും കുടിയേറ്റക്കാര്‍ നൽകുന്ന സംഭാവനകളെ പ്രശംസിക്കയും ചെയ്തു.ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലുമുള്ള രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ സ്പെയിനിലെ കൃഷി,ടൂറിസം,സേവന മേഖലകൾ എന്നിവയിൽ ജോലി ചെയ്യുന്നു.ഈ മേഖലകളാണ് സ്പെയിനിന്റെ വളരുന്ന സമ്പദ്‌വ്യവസ്ഥയുടെ പ്രധാന തൂണുകൾ.
“സ്പെയിൻ ഇനി കണ്ണടച്ച് മാറിനിൽക്കില്ല.ഇതിനകം നമ്മുടെ രാജ്യത്ത് ജീവിക്കുകയും സംഭാവന നൽകുകയും ചെയ്ത ആളുകളെ മാന്യമായി അംഗീകരിക്കുന്ന നടപടിയാണ് വരാനിരിക്കുന്നത്,”വാർത്താസമ്മേളനത്തിൽ സായിസ് പറഞ്ഞു.
പാർലമെന്റ് തടസ്സങ്ങൾ മറികടന്ന് നടപടി
ഇതിന് മുമ്പ് സമാനമായ ഒരു ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നെങ്കിലും,മതിയായ പിന്തുണ ലഭിക്കാതെ അത് നിലച്ചു. ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടിയും ഇടതുപക്ഷ പോഡെമോസ് പാർട്ടിയും തമ്മിലുള്ള അവസാന നിമിഷ കരാറാണ് നിയമം എളുപ്പമാക്കിയത്.
പിന്തുണ ഉറപ്പാക്കിയ പുതിയ നടപടിയിലൂടെ ആ തടസ്സങ്ങൾ മറികടക്കുകയാണ് സർക്കാർ. അർഹരായവർക്ക് ഏപ്രിൽ മുതൽ ജൂൺ അവസാനം വരെ നിയമപദവിക്ക് അപേക്ഷിക്കാനാകും.
പ്രധാനമന്ത്രി സാൻചസിന്റെ അസ്ഥിരമായ ഭരണകൂടത്തിന് ഇടതുപക്ഷ പാർട്ടിയായ പൊഡെമോസ് പിന്തുണ പ്രഖ്യാപിച്ചു.
പൊഡെമോസിന്റെ യൂറോപ്യൻ പാർലമെന്റ് അംഗമായ ഐറീൻ മോണ്ടെറോ,അമേരിക്കയിലെ കുടിയേറ്റ വിരുദ്ധ നടപടികളെ ശക്തമായി വിമർശിക്കുന്ന വ്യക്തിയാണ്. “അമേരിക്കയിൽ ഇപ്പോൾ ലക്ഷക്കണക്കിന് ആളുകൾ സ്വന്തം വീടുകളിൽ പോലും ഭീതിയിലാണ്.ട്രംപിന്റെ കുടിയേറ്റ നയം ആളുകളെ വീടുകളിൽ നിന്ന് പിടിച്ചുകൊണ്ടുപോകുന്നു,അവർ കുട്ടികളെ അപഹരിക്കുകയും ആളുകളെ ഭീതിയിലാക്കുകയും ചെയ്യുമ്പോൾ,ഞങ്ങൾ അവർക്കു രേഖകൾ നൽകുകയാണ്.”-ഐറീൻ മോണ്ടെറോ പറഞ്ഞു.
വിമർശനങ്ങളും പ്രതിഷേധങ്ങളും
അതേസമയം,സെൻറർ-റൈറ്റ്,ഫാർ-റൈറ്റ് പാർട്ടികൾ സർക്കാരിന്റെ തീരുമാനത്തെ ശക്തമായി വിമർശിച്ചു.കൺസർവേറ്റീവ് പോപ്പുലർ പാർട്ടിയുടെ നേതാവ് ആൽബർട്ടോ നുനെസ് ഫെയ്ഹൂ എതിര്‍പ്പുമായി രംഗത്തെത്തി.ഈ മാസം നടന്ന ട്രെയിൻ അപകടത്തിൽ 46പേർ മരിച്ച സംഭവത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ഈ നീക്കം നടത്തിയതെന്ന് ആരോപിച്ചു.
“സ്പാനിഷ് സര്‍ക്കാര്‍ സ്വന്തം ജനങ്ങളെ വെറുക്കുന്നു,രാജ്യത്ത് അധിനിവേശം വേഗത്തിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്” എന്ന് കടുത്ത കുടിയേറ്റ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന വോക്സ് പാർട്ടിയുടെ നേതാവ് സാന്തിയാഗോ അബാസ്കൽ,സാൻചസ് പ്രതികരിച്ചു.
സ്പെയിനിൽ പൗരയുദ്ധകാലത്തും അതിന് ശേഷവും ലക്ഷക്കണക്കിന് സ്പാനിഷുകാർ അഭയാര്‍ത്ഥികളായി രാജ്യം വിട്ടുപോയ ചരിത്രമുണ്ട്. അഭയാര്‍ഥിത്വത്തിന്റെ ഓര്‍മ്മയുള്ള രാജ്യം ദക്ഷിണ അമേരിക്കയിലും ആഫ്രിക്കയിലും നിന്നുള്ള കോടിക്കണക്കിന് ആളുകളെ പിന്നീട് സ്വീകരിച്ചിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും നിയമപരമായ മാർഗങ്ങളിലൂടെയാണ് രാജ്യത്തെത്തിയത്.
“ഇന്ന് നമ്മുടെ രാജ്യത്തിനൊരു മഹത്തായ ദിവസമാണെന്ന് ഞാൻ വിശ്വസിക്കുന്നു.”എന്നു പറഞ്ഞുകൊണ്ടാണ് മന്ത്രി എൽമ സായിസ് കുടിയേറ്റ അംഗീകരിക്കൽ നയം പ്രഖ്യാപിച്ചത്.ഭരണകക്ഷി അംഗങ്ങളും ഇടത്,സോഷ്യലിസ്റ്റ് അംഗങ്ങളും ഇതിനെ കയ്യടികളോടെ സ്വീകരിച്ചു.



