അന്തർദേശീയം

യൂന്‍ സുക് യോല്‍ പുറത്തേയ്ക്ക്; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്തു

സോള്‍ : പട്ടാള നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സൂക് യോലിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാര്‍ലമെന്റില്‍ 204 പേര്‍ ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 85 പേര്‍ എതിര്‍ത്തു. ഇംപീച്ച്‌മെന്റ് പ്രമേയത്തിന്‍റെ പകര്‍പ്പ് ഭരണഘടനാ കോടതിക്കു കൈമാറും. പ്രസിഡന്‍റിനെ നീക്കുന്ന കാര്യത്തില്‍ കോടതിയാവും അന്തിമ തീരുമാനമെടുക്കുക.

യൂനിനെ പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്തണോ എന്ന കാര്യത്തില്‍ 180 ദിവസത്തിനകം കോടതി തീരുമാനമെടുക്കണം. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടാല്‍ 60 ദിവസത്തിനുള്ളില്‍ അടുത്ത പ്രസിഡന്റിനെ കണ്ടെത്തുന്നതിനായി തെരഞ്ഞെടുപ്പ് നടത്തണം.

ഇംപീച്ച് പ്രമേയത്തിലെ രണ്ടാമത്തെ വോട്ടാണ് ഇന്നു നടന്നത്. കഴിഞ്ഞ ശനിയാഴ്ച ഭരണകക്ഷിയിലെ മിക്ക അംഗങ്ങളും വോട്ട് ബഹിഷ്‌കരിച്ചതുകാരണം ഇംപീച്ച്‌മെന്റില്‍ നിന്ന് യൂന്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ യൂനിനെതിരായ പൊതുജന പ്രതിഷേധം ശക്തമാവുകയും അദ്ദേഹത്തിന്റെ ജനപ്രീതി കുറയുകയും ചെയ്തതോടെ രണ്ടാമത്തെ വോട്ടെടുപ്പില്‍ ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ട് ചെയ്യാന്‍ പീപ്പിള്‍ പവര്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി പതിനായിരക്കണക്കിന് ആളുകളാണ് കൊടും തണുപ്പിനെ അവഗണിച്ച് തലസ്ഥാനമായ സിയോളിലെ തെരുവുകളില്‍ പ്രതിഷേധിക്കുന്നത്. യൂനിനെ പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

പട്ടാള നിയമം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം വന്‍ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് കാരണമായിരുന്നു. നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്നു. വിപണികളെ ഇത് പ്രതികൂലമായി ബാധിച്ചു. പട്ടാള ഭരണം പിന്‍വലിക്കാന്‍ ഒടുവില്‍ യൂന്‍ തയ്യാറാവുകയായിരുന്നു.

പട്ടാള ഭരണ ഉത്തരവ് ഭരണപരമായ നടപടിയാണെന്നാണ് യൂന്‍ അവകാശപ്പെട്ടത്. കലാപം, അധികാര ദുര്‍വിനിയോഗം, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണം നടക്കുന്നതിനാല്‍ യൂനിന് രാജ്യം വിട്ട് പോകാന്‍ കഴിയില്ല. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കലാപ ഗൂഢാലോചന നടത്തിയതിന് യൂനിന് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിച്ചേക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button