അന്തർദേശീയം

ദക്ഷിണ കൊറിയ മുന്‍ പ്രതിരോധമന്ത്രി തടങ്കലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

സോള്‍ : പട്ടാള നിയമം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദക്ഷിണ കൊറിയന്‍ മുന്‍ പ്രതിരോധമന്ത്രി കിം യോങ് ഹ്യുന്‍ ബുധനാഴ്ച തടങ്കല്‍ കേന്ദ്രത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അടിവസ്ത്രം ഉപയോഗിച്ചാണ് തടങ്കല്‍ കേന്ദ്രത്തില്‍ കിം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് നീതിന്യായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് പട്ടാളനിയമം ഏര്‍പ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചതായി ആരോപിച്ചാണ് കിം യോങ് ഹ്യുനിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച തടങ്കലിലായ കിം യോങ് ഹ്യുനിനെ, സൈനിക നിയമത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കലാപ ആരോപണങ്ങളുടെ പേരില്‍ ബുധനാഴ്ചയാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിപക്ഷത്തെ ചെറുക്കുന്നതിനായി ഡിസംബര്‍ മൂന്നിനാണ് പ്രസിഡന്റ് യൂന്‍ സുക് യോള്‍ രാജ്യത്ത് പട്ടാള നിയമം ഏര്‍പ്പെടുത്തിയത്.

കലാപസമയത്ത് ഗുരുതരമായ പ്രവൃത്തിയിലേര്‍പ്പെട്ടു, അധികാര ദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകളാണ് കിമ്മിനെതിരെ ചുമത്തിയിട്ടുള്ളത്. മുന്‍ പ്രതിരോധമന്ത്രിക്കെതിരെയുള്ളത് പ്രോസിക്യൂഷന് അന്വേഷണം ആരംഭിക്കാന്‍ കഴിയുന്ന കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുമെന്ന് കോടതി വക്താവ് സൂചിപ്പിച്ചു. അതിനിടെ പട്ടാള നിയമം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് കിം യോങ് ഹ്യുന്‍ ദക്ഷിണകൊറിയന്‍ ജനതയോട് ക്ഷമാപണം നടത്തി.

പട്ടാള നിയമം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് യൂന്‍ സുക് യോളിന് വിദേശ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണണെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ ഇംപീച്ച്‌മെന്റ് പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും ആവശ്യമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ജനകീയ പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്ന് പട്ടാള നിയമം ഏര്‍പ്പെടുത്തി ആറു മണിക്കൂറിനുള്ളില്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ നിയമം പിന്‍വലിച്ചിരുന്നു.

പട്ടാള നിയമം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രസിഡൻറ് യൂൻ സുക് യോളിൻ്റെ ഓഫീസിൽ പൊലീസ് റെയ്ഡ് നടത്തി. റെയ്ഡ് നടക്കുമ്പോൾ പ്രസിഡൻ്റ് യൂൻ ഓഫീസിൽ ഉണ്ടായിരുന്നില്ല. അന്വേഷണത്തിൻ്റെ ഭാഗമായി സിയോൾ മെട്രോപൊളിറ്റൻ പോലീസിൻ്റെയും നാഷണൽ അസംബ്ലി പോലീസ് ഗാർഡിൻ്റെയും ഓഫീസുകളിലും റെയ്ഡ് നടത്തിയതായി കൊറിയൻ ടൈംസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഭരണഘടനാ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പട്ടാള നിയമം ഏർപ്പെടുത്തലുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയൻ പൊലീസ് മേധാവി ചോ ജി-ഹോയെയും ദേശീയ പൊലീസ് കമ്മീഷണർ ചോ ജി-ഹോയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button