അന്തർദേശീയം

യൂൻ സുക്-യോളിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണം; ദക്ഷിണ കൊറിയൻ ഭരണഘടനാ കോടതി

സിയോൾ : ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക്-യോളിനെ സ്ഥാനത്തുനിന്ന് നീക്കാൻ വിധിച്ച് ദക്ഷിണ കൊറിയയിലെ ഭരണഘടനാ കോടതി. ഇംപീച്ച്മെന്റ് നടപടി ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിധി. ഇതിന് ഭരണഘടനാ കോടതിയിലെ എട്ട് ജഡ്ജിമാരിൽ ആറ് പേരുടെ അംഗീകാരം ആവശ്യമാണ്. വിധി പ്രകാരം രാജ്യത്ത് 60 ദിവസത്തിനുള്ളിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തണം.

കഴിഞ്ഞ വർഷം അവസാനമാണ് യൂൻ സുക്-യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തത്. രാജ്യത്ത് പട്ടാള നിയമം ഏർപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ പിന്നാലെയായിരുന്നു നടപടി. ഭരണകക്ഷി അംഗങ്ങളും പ്രസിഡന്റിനെതിരെ വോട്ടു ചെയ്തിരുന്നു.

പ്രതിപക്ഷം ഉത്തരകൊറിയയോട് ആഭിമുഖ്യം കാണിക്കുന്നുവെന്നാരോപിച്ചാണ് യൂൻ സുക് യൂൾ രാജ്യത്ത് പട്ടാളഭരണം പ്രഖ്യാപിച്ചത്. പ്രതിപക്ഷം സമാന്തരസർക്കാർ ഉണ്ടാക്കി ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു, രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു തുടങ്ങിയ ആരോപണങ്ങളും പ്രസിഡന്റ് ഉന്നയിച്ചിട്ടുണ്ട്. എന്നാൽ പാർലമെന്റിന് അകത്തും പുറത്തും വലിയ പ്രതിഷേധങ്ങൾ ഉണ്ടായതോടെ ആറ് മണിക്കൂറിന് ശേഷം പട്ടാളനിയമം റദ്ദാക്കി.

തുടര്‍ച്ചയായ കലാപങ്ങള്‍ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് യൂനിനെതിരെ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്. പ്രസിഡന്റിനെതിരെ രാജ്യത്താകമാനം പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു ഇംപീച്ച്മെന്റ്. തീരുമാനത്തെ വെല്ലുവിളിച്ചാണ് യൂൻ ഭരണാഘടനാ കോടതിയെ സമീപിച്ചത്. രാജ്യത്ത് മാസങ്ങളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലാണ് കോടതി വിധി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button