ബെനിനിൽ അട്ടിമറി പ്രഖ്യാപിച്ച് സൈനികർ

പോർട്ടൊ -നോവൊ : പശ്ചിമാഫ്രിക്കയിലെ ബെനിനിൽ ഒരുവിഭാഗം സൈനികർ അട്ടിമറി പ്രഖ്യാപിച്ചു. മിലിട്ടറി കമ്മിറ്റി ഫോർ റീഫൗണ്ടേഷൻ എന്ന് സ്വയം വിശേഷിപ്പിച്ച സംഘടന പ്രസിഡന്റിനെയും എല്ലാ സംസ്ഥാന സ്ഥാപനങ്ങളെയും നീക്കം ചെയ്തതായി പറഞ്ഞു.
ഇതിന് തൊട്ടുപിന്നാലെ ഔദ്യോഗിക സൈനികരും നാഷണൽ ഗാർഡുകളും രാജ്യത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതായി ബെനിൻ സർക്കാർ അറിയിച്ചു. സൈന്യം നിയന്ത്രണം തിരിച്ചുപിടിക്കുകയാണ്. നഗരവും രാജ്യവും പൂർണ്ണമായും സുരക്ഷിതമാണ്,” എന്ന് അറിയിച്ചു.
വിമത സൈനികർ ബെനിൻ സ്റ്റേറ്റ് ടിവിയിൽ പ്രത്യക്ഷപ്പെട്ടാണ് അട്ടിമറി അവകാശപ്പട്ടത്. ലെഫ്റ്റനന്റ് കേണൽ പാസ്കൽ ടിഗ്രിയെ സൈനിക കമ്മിറ്റിയുടെ പ്രസിഡന്റായി നിയമിച്ചതായും പറഞ്ഞു.
അട്ടിമറി ഗൂഢാലോചനക്കാർ സ്റ്റേറ്റ് ടെലിവിഷന്റെ നിയന്ത്രണം മാത്രമേ ഏറ്റെടുത്തിട്ടുള്ളൂവെന്നും സിഗ്നൽ കുറച്ച് മിനിറ്റ് വിച്ഛേദിക്കപ്പെടുക മാത്രമാണ് ചെയ്തതെന്നും വിദേശകാര്യ മന്ത്രി ഒലുഷെഗുൻ അഡ്ജാദി ബക്കാരി പറഞ്ഞു.
അട്ടിമറിക്കാർ അവകാശപ്പെട്ടത്
2016 മുതൽ അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് പാട്രിസ് ടാലോണിനെയും എല്ലാ സംസ്ഥാന സ്ഥാപനങ്ങളെയും അട്ടിമറിച്ചതായായിരുന്നു അവകാശവാദം. ലെഫ്റ്റനന്റ് കേണൽ പാസ്കൽ ടിഗ്രിയുടെ നേതൃത്വത്തിൽ കുറഞ്ഞത് എട്ട് സൈനികരുടെ ഒരു സംഘം സ്റ്റേറ്റ് ടെലിവിഷൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
രാജ്യത്തിന്റെ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളെയും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും അവർ അവകാശപ്പെട്ടു.
“സാഹോദര്യം, നീതി, ജോലി എന്നിവ നിലനിൽക്കുന്ന ഒരു പുതിയ യുഗത്തിന്റെ പ്രതീക്ഷ ബെനിൻ ജനതയ്ക്ക് നൽകാൻ സൈന്യം ആത്മാർത്ഥമായി പ്രതിജ്ഞാബദ്ധമാണ്,” സൈനികരിൽ ഒരാൾ വായിച്ച പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ നഗരമായ കോട്ടോനൗവിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് സമീപമുള്ള “ക്യാമ്പ് ഗ്യൂസോയിൽ വെടിവയ്പ്പ് നടക്കുന്നതായി റിപ്പോർട്ടുണ്ട്.
ആഫ്രിക്കൻ വൻകരയിലെ ഏറ്റവും പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന 16 രാജ്യങ്ങൾ ഉൾപ്പെടുന്ന പ്രദേശത്തെയാണ് പടിഞ്ഞാറേ ആഫ്രിക്ക (Western Africa, West Africa) എന്ന് വിളിക്കുന്നത്. 25 കോടിയോളം ജനങ്ങൾ അധിവസിക്കുന്ന ഈ പ്രദേശം 50 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. സ്വാതന്ത്ര്യം നേടിയതിനുശേഷം പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ നിരവധി അട്ടിമറികൾ ഉണ്ടായി.
ഏറ്റവും പുതിയത് ഈ അട്ടിമറിയാണ്. കഴിഞ്ഞയാഴ്ച ഗിനിയ-ബിസാവിൽ നടന്ന ഒരു സൈനിക അട്ടിമറിയിലൂടെ മുൻ പ്രസിഡന്റ് ഉമാറോ എംബാലോയെ സ്ഥാനഭ്രഷ്ടനാക്കി.
എന്നാൽ ബെനിനിൽ താരതമ്യേന സ്ഥിരത പുലർന്നിരുന്നു. 1960-ൽ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം ഈ പശ്ചിമാഫ്രിക്കൻ രാഷ്ട്രം ഒന്നിലധികം അട്ടിമറികൾക്ക് സാക്ഷ്യം വഹിച്ചു. എങ്കിലും ഇത് സ്വാതന്ത്ര്യത്തിനു ശേഷമുള്ള ദശകങ്ങളിലായിരുന്നു. 1991 മുതൽ, മാർക്സിസ്റ്റ്-ലെനിനിസ്റ്റ് മാത്യു കെരേക്കോയുടെ രണ്ട് പതിറ്റാണ്ട് നീണ്ട ഭരണത്തെത്തുടർന്ന് രാജ്യം രാഷ്ട്രീയമായി സ്ഥിരത പുലർത്തി തുടർന്നു.



