തായ്‌ലൻഡ് – കംബോഡിയ അതിർത്തിയിൽ സംഘർഷം; സൈനികർ ഏറ്റുമുട്ടി

നോം പെൻ : കംബോഡിയയും തായ്‌ലൻഡ് തമ്മിൽ സംഘർഷം. കംബോഡിയയുടെ പ്രവിശ്യകളിൽ തായ് സൈന്യം എഫ് 16 പോർവിമാനം ഉപയോഗിച്ച് ബോംബാക്രമണം നടത്തി. കംബോഡിയൻ സൈന്യം തായ്‌ലൻഡിലെ ഗ്യാസ് സ്‌റ്റേഷൻ ആക്രമിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഇരു രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചിട്ടുണ്ട്.
വടക്കുപടിഞ്ഞാറൻ കംബോഡിയയിലെ ഒദ്ദാർ മീഞ്ചെ പ്രവിശ്യയിൽ അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശത്ത് ഇന്നു രാവിലെയാണ് സംഘർഷമുണ്ടായത്. രണ്ട് തായ് പൗരന്മാർ കൊല്ലപ്പെടുകയും രണ്ട് തായ് സൈനികർക്ക് പരിക്കേറ്റതുമായാണ് വിവരം. കംബോഡിയ ദീർഘദൂര ബി എം 21 ഗ്രാഡ് റോക്കറ്റുകളടം പ്രയോഗിച്ചെന്നാരോപിച്ച് തായ്‌ലൻഡ് ബോംബാക്രമണം നടത്തി. തായ്‌ലൻഡിലെ സിസാകെറ്റ് പ്രവിശ്യയിലെ ഗ്യാസ് സ്റ്റേഷൻ കംബോഡിയ ആക്രമിച്ചതായി തായ്‌ലൻഡിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തായ്‌ലൻഡ് നടത്തുന്നത് സായുധ അധിനിവേശമാണെന്ന് കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റ് ആരോപിച്ചു. കംബോഡിയയുമായി അതിർത്തി പങ്കിടുന്ന തായ്‌ലൻഡിലെ സുരിൻ പ്രവിശ്യയിലെ 86 ഗ്രാമങ്ങളിൽ നിന്നും നാൽപതിനായിരം തായ് പൗരന്മാരെ ഒഴിപ്പിച്ചു.