താൻസാനിയൻ തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടിയായ സിസിഎമിന് ജയം; സാമിയ രണ്ടാമതും പ്രസിഡന്റ് പദത്തിലേക്ക്

ഡൊഡോമ : ആഫ്രിക്കൻ രാജ്യമായ താൻസാനിയയിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സാമിയ സുലുഹു ഹസ്സൻ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത 3.2 കോടി വോട്ടുകളിൽ 98ശതമാനം വോട്ടുകളും സാമിയ നേടി. രാജ്യത്തെ രജിസ്റ്റർ ചെയ്ത 37.6 ദശലക്ഷം വോട്ടർമാരിൽ 87ശതമാനത്തോളം പോളിങ് രേഖപ്പെടുത്തിയതായി ഇലക്ടറൽ മേധാവി പറഞ്ഞു. താൻസാനിയയിലെ സോഷ്യലിസ്റ്റ് ചായ്‍വുള്ള പ്രബല പാർട്ടിയായ ‘ചാമ ചാ മാപിന്ദുസി’ (സി.സി.എം)യുടെ കീഴിലാണ് സാമിയ ജനവിധി തേടിയത്.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട അശാന്തി ദിവസങ്ങളോളം നീണ്ടുനിന്നു. ഇതിനിടയിലാണ് രണ്ടാമതും അവർ അധികാരത്തിൽ വരുന്നത്. തെരഞ്ഞെടുപ്പിൽ തട്ടിപ്പ് ആരോപിച്ച് വലതുപക്ഷ പാര്‍ട്ടിയായ ചാദെമെ രംഗത്തുവന്നു.
കഴിഞ്ഞ ദിവസം താന്‍സാനിയയില്‍ വൻ പ്രതിഷേധം നടക്കുകയുണ്ടായി. തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ പ്രകടനക്കാർ തെരുവിലിറങ്ങി സാമിയയുടെ പോസ്റ്ററുകൾ നശിപ്പിച്ചു. അശാന്തി അവസാനിപ്പിക്കാനുള്ള സൈനിക മേധാവിയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് പൊലീസിനെയും പോളിങ് സ്റ്റേഷനുകളെയും ആക്രമിച്ചു. 700 റോളം പേർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
തെരഞ്ഞെടുപ്പ് അന്യായമാണെന്ന് അപലപിച്ച യുവ പ്രതിഷേധക്കാരാണ് പ്രകടനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എന്നാൽ, ആരോപണങ്ങൾ സർക്കാർ നിരസിച്ചു. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രാജ്യത്തെ വ്യാപകമായ പ്രക്ഷുബ്ധതയിൽ അന്താരാഷ്ട്ര നിരീക്ഷകർ ആശങ്ക പ്രകടിപ്പിച്ചു. അക്രമത്തിന്റെ വ്യാപ്തി കുറക്കാൻ സർക്കാർ ശ്രമിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി പല ഭാഗങ്ങളിലും കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സാമിയ സുലുഹു ഹസ്സനെ വിജയിയായി പ്രഖ്യാപിക്കുന്നുവെന്ന് ശനിയാഴ്ച ഫലങ്ങൾ പുറത്തുവന്ന ഉടൻ ഇലക്ടറൽ മേധാവി ജേക്കബ്സ് മ്വാംബെഗെലെ പറഞ്ഞു. 1960ല്‍ സാന്‍സിബാര്‍ സുല്‍ത്താനേറ്റില്‍ ജനിച്ച സാമിയ സുലുഹു ഹസ്സൻ 2000ത്തിലാണ് രാഷ്ട്രീയത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കി തുടങ്ങിയത്. താന്‍സാനിയന്‍ പ്രസിഡന്റായ ജോണ്‍ മഗുഫുലി മരിച്ചതിനെ തുടര്‍ന്ന് 2021ല്‍ പ്രസിഡന്റ് സ്ഥാനത്തെത്തി. താന്‍സാനിയയുടെ ആദ്യ വനിതാ പ്രസിഡന്റും സാന്‍സിബാരി ദ്വീപിൽ നിന്നുള്ള രണ്ടാം പ്രസിഡന്റുമാണ് സാമിയ.
രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കപ്പെട്ട ടുണ്ടു ലിസ്സുവായിരുന്നു സാമിയയുടെ പ്രധാന എതിരാളി. പതിനാറ് ചെറു പാർട്ടികൾ മത്സരിച്ചെങ്കിലും കാര്യമായ പൊതുജന പിന്തുണ ലഭിച്ചില്ല. സാമിയയുടെ ഭരണകക്ഷിയായ സി.സി.എം രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ നിർണായകമായ ആധിപത്യം സ്ഥാപിച്ച പാർട്ടിയാണ്. വൻ ജനപിന്തുണയാണ് ഇതിനുള്ളത്. സ്വാതന്ത്ര്യത്തിനുശേഷം ഒരു തിരഞ്ഞെടുപ്പിലും സി.സി.എം പരാജയപ്പെട്ടിട്ടില്ല.
സ്വന്തം സർക്കാറും നേതാവും ഉള്ള താൻസാനിയയിലെ അർധ സ്വയംഭരണ ദ്വീപസമൂഹമായ സാൻസിബാറിൽ നിലവിലെ പ്രസിഡന്റായ സി.സി.എമ്മിന്റെ തന്നെ ഹുസൈൻ മ്വിനി 80ശതമാനത്തോളം വോട്ടുകൾ നേടി വിജയിച്ചു.



