ബ്രസീലിൽ തിരക്കേറിയ റോഡിൽ വിമാനം തകർന്നു വീണു; മൂന്ന് പേർ മരിച്ചു

സാവോ പോളോ : ബ്രസീലിൽ തെരുവിൽ തകർന്ന് വീണ് വിമാനം. സാവോ പോളോയിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് ഗുസ്താവേ കാർനേറോ മെഡിറോസ്, ഉടമ മാഴ്സിയോ ലുസാഡ കാർപെന്ന, യുട്യൂബ് ഇൻഫ്ലുവൻസർ എന്നിവരാണ് അപകടത്തിൽ മരിച്ചത്.
സാവോ പോളോ നഗരത്തിലെ തിരക്കേറിയ ഒരു തെരുവിലാണ് വിമാനം തകർന്ന് വീണത്. പബ്ലിക് ബസിന് സമീപത്താണ് വിമാനം വീണത്. അപകടത്തിൽ ബസിലുണ്ടായിരുന്ന ചിലർക്കും മോട്ടോർ സൈക്കിൾ യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. ചെറിയ പരിക്കുകളേറ്റ നാല് പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഗവർണർ പറഞ്ഞു.
വിമാന അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. റോഡിലൂടെ കാറുകൾ ഉൾപ്പടെ പോകുന്നതിനിടെ അപ്രതീക്ഷിതമായി വിമാനം തകർന്ന് വീഴുകയായിരുന്നു. ഫയർഫോഴ്സ് ഉൾപ്പടെ സംഭവസ്ഥലത്തേക്ക് എത്തി ഉടൻ തീയണക്കുകയായിരുന്നു.
നിരവധി ഓഫീസുകളും ബസ്, ട്രെയിൻ, സബ്വേ സ്റ്റേഷനുകളും സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അപകടമുണ്ടായത്. എന്നാൽ, വലിയ നാശനഷ്ടം അപകടത്തിൽ ഉണ്ടാകാത്തത് ആശ്വാസകരമാണ്. അതേസമയം, വിമാനഅപകടത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ബ്രസീലിയൻ എയർഫോഴ്സ് അറിയിച്ചു.