യുഎസ് കാലിസ്പെൽ സിറ്റി വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ചെറുവിമാനം പാർക്ക് ചെയ്ത വിമാനത്തിലേക്ക് ഇടിച്ചിറങ്ങി

മൊന്റാന : ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിൽ പാർക്ക് ചെയ്ത വിമാനത്തിലേക്ക് ഇടിച്ചിറങ്ങി വിമാനം. അമേരിക്കയിലെ മൊന്റാനയിലാണ് സംഭവം. വലിയ രീതിയിൽ പുക ഉയരുകയും തീ പടരുകയും ചെയ്ത സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പുറത്ത് വരുന്ന വിവരം. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മൊന്റാനയിലെ കലിസ്പെൽ സിറ്റി വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. നാല് പേരുമായി എത്തിയ ചെറുവിമാനമാണ് പാർക്ക് ചെയ്ത വിമാനത്തിലേക്ക് ഇടിച്ചിറങ്ങിയത്. സോകാറ്റ ടിബിഎം 700 ടർബോ പ്രോപ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിലെ സമീപത്തെ പുൽമേടുകളിലേക്ക് വലിയ രീതിയിൽ തീ പടർന്നിരുന്നു. ആളപായമില്ലെങ്കിലും അഗ്നിബാധ വിമാനത്താവളത്തിൽ നിന്നുള്ള വിവിധ സർവ്വീസുകളെ ബാധിച്ചു. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലാൻഡിംഗ് ശ്രമത്തിനിടെ ചെറുവിമാനത്തിന് നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
റൺവേയിലേക്ക് ഇടിച്ചിറങ്ങിയ ശേഷം ചെറുവിമാനം പാർക്ക് ചെയ്ത വിമാനത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പാർക്ക് ചെയ്ത വിമാനത്തിൽ ആളില്ലാതിരുന്നതാണ് വലിയ അപകടം ഒഴിവാക്കിയത്. എന്നാൽ പൈലറ്റിന് എങ്ങനെയാണ് നിയന്ത്രണം നഷ്ടമായതെന്ന് ഇനിയും വ്യക്തത വരാനുണ്ടെന്നാണ് അധികൃതർ പ്രതികരിക്കുന്നത്. ചെറുവിമാനം പൂർണമായി കത്തുന്നതിന് മുൻപ് തന്നെ ഇതിലെ യാത്രക്കാർക്ക് പുറത്ത് കടക്കാൻ സാധിച്ചിരുന്നു. ചെറുവിമാനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് നേരിയ പരിക്കുകൾ രക്ഷപ്പെടുന്നതിനിടെയുണ്ടായിട്ടുണ്ട്. ഇവർക്ക് വിമാനത്താവളത്തിൽ വച്ച് തന്നെ ചികിത്സ നൽകി.
വലിയ സ്ഫോടന ശബ്ദമാണ് അപകടത്തിന് പിന്നാലെ വിമാനത്താവളത്തിലുണ്ടായത്. മൊന്റാനയിൽ നിന്ന് വടക്ക് പടിഞ്ഞാറൻ മേഖലയിലാണ് അപകടമുണ്ടായ വിമാനത്താവളം. 30000 താമസക്കാരാണ് മൊന്റാനയിലെ ഈ മേഖലയിലുള്ളത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് അധികൃതർ സ്ഥിരീകരിച്ചത്. മീറ്റർ സ്കൈ എൽഎൽസി ജെഗ് ഗുസേറ്റിയുടെ വിമാനമാണ് അപകടത്തിനിടയാക്കിയത്.