അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജയായ ആറ് വയസുകാരിക്ക് വംശീയാധിക്ഷേപം

ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജയായ ആറ് വയസുകാരിക്ക് വംശീയാധിക്ഷേപം. വാട്ടര്‍ഫോര്‍ഡിലാണ് സംഭവം. പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള അഞ്ചോളം ആണ്‍കുട്ടികളാണ് കുട്ടിയെ വംശീയമായി അധിക്ഷേപിച്ചത്. ഇന്ത്യക്കാര്‍ വൃത്തികെട്ടവരാണെന്നും രാജ്യത്തേയ്ക്ക് മടങ്ങിപ്പോകൂ എന്ന് പറഞ്ഞും ആണ്‍കുട്ടികള്‍ ആക്രോശിച്ചു. ഇവര്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും മുഖത്തും ഇടിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തതായും ആരോപണമുണ്ട്. കുട്ടിയുടെ അമ്മ അയര്‍ലന്‍ഡില്‍ നഴ്‌സാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി ഇവര്‍ ഇവിടെ താമസിച്ചുവരികയാണ്. അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജയായ കുട്ടി ഇത്തരത്തില്‍ വംശീയ അധിക്ഷേപം നേരിടുന്നത് ഇത് ആദ്യ സംഭവമാണെന്നാണ് റിപ്പോര്‍ട്ട്.
ഓഗസ്റ്റ് നാലിന് വൈകിട്ടായിരുന്നു സംഭവം. വംശീയ അധിക്ഷേപം നേരിട്ട കുട്ടി മറ്റ് കുട്ടികള്‍ക്കൊപ്പം വീടിന് പുറത്ത് കളിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ മാതാവ് കുട്ടിയെ നിരീക്ഷിച്ച് വീടിന് പുറത്തുണ്ടായിരുന്നു. ഇതിനിടെ ഇവരുടെ പത്ത് മാസം പ്രായമായ കുഞ്ഞ് കരയുകയും കുഞ്ഞിന് പാല്‍ നല്‍കുന്നതിനായി ഇവര്‍ അകത്തേയ്ക്ക് പോകുകയും ചെയ്തു. അല്‍പസമയത്തിനുള്ളില്‍ പെണ്‍കുട്ടി വീട്ടിലേയ്ക്ക് കയറി വരികയും ഒന്നും സംസാരിക്കാതെ കരയുകയും ചെയ്തു. കുട്ടിയുടെ സുഹൃത്തായ പെണ്‍കുട്ടിയോട് ചോദിച്ചപ്പോഴാണ് ആണ്‍കുട്ടികളില്‍ നിന്ന് നേരിട്ട അധിക്ഷേപത്തെക്കുറിച്ച് പറയുന്നത്.
അഞ്ചോളം പേര്‍ ചേര്‍ന്നാണ് കുട്ടിയോട് അതിക്രമം കാട്ടിയതെന്ന് സുഹൃത്തായ കുട്ടി പറഞ്ഞതായി കുട്ടിയുടെ അമ്മ അനുപ അച്യുതൻ പറഞ്ഞു. സൈക്കിളില്‍ എത്തിയ അവര്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഇടിക്കുകാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് അശ്ലീല വാക്ക് ഉപയോഗിച്ച കുട്ടികള്‍ ഇന്ത്യക്കാര്‍ വൃത്തികെട്ടവരാണെന്ന് പറഞ്ഞു. രാജ്യത്തേക്ക് മടങ്ങിപ്പോകാനും പറഞ്ഞു. മകളുടെ കഴുത്തിലും അവര്‍ ഇടിച്ചു. മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം മകള്‍ ആകെ തകര്‍ന്നുവെന്നും പുറത്തുപോയി കളിക്കാന്‍ ഇപ്പോള്‍ ഭയമാണെന്നും അമ്മ പറയുന്നു. സ്വന്തം വീട്ടില്‍ പോലും തങ്ങള്‍ സുരക്ഷിതരല്ലെന്നും അനുപ പറഞ്ഞു. ഭയമില്ലാതെ അവള്‍ക്ക് ഇനി പുറത്ത് കളിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അവളുടെ കാര്യം ആലോചിക്കുമ്പോള്‍ തനിക്ക് വിഷമമുണ്ട്. അവൾക്ക് ആ സമയത്ത് സംരക്ഷണം നൽകാൻ തനിക്ക് സാധിച്ചില്ല. ഇങ്ങനെ ഒരു സംഭവം ഉണ്ടാകുമെന്ന് താന്‍ കരുതിയില്ല. അവള്‍ ഇവിടെ സുരക്ഷിതയാണെന്നാണ് താന്‍ കരുതിയതെന്നും അമ്മ പറഞ്ഞു. ആ സംഭവത്തിന് ശേഷം ആ കുട്ടികള്‍ വീടിന് സമീപം തന്നെയുണ്ട്. ഏകദേശം പന്ത്രണ്ടും പതിനാലും വയസ് മാത്രമാണ് അവര്‍ക്ക്. താന്‍ അവളുടെ മാതാവാണെന്ന് അവര്‍ക്ക് അറിയാം. തന്നെ നോക്കി അവര്‍ കളിയാക്കി ചിരിക്കുകയാണെന്നും അമ്മ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥയോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ കൃത്യമായ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. കൗണ്‍സിലിംഗ് നൽകുകയാണ് വേണ്ടത്. വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ ആവശ്യമാണ്. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുമെന്നുള്ള പ്രതീക്ഷയില്ല. ഏറെ ബുദ്ധിമുട്ടിയാണ് ഇവിടെ പിടിച്ചു നില്‍ക്കുന്നതതെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കുന്നു.