ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു; ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി കാനഡയും ഇന്ത്യയും
ന്യൂഡൽഹി : ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണർ ഉൾപ്പടെയുള്ള ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കി. കാനഡയിൽ നിന്ന് ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചതിനു പിന്നാലെയാണ് കാനഡയുടെ തിരിച്ചടി. പിന്നാലെ ഇന്ത്യയും കാനഡയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതായി അറിയിച്ചു. ഇവരോട് ശനിയാഴ്ചയ്ക്കകം രാജ്യം വിടണമെന്ന് നിർദേശിച്ചു.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിയാക്കാനുള്ള കാനഡയുടെ നീക്കമാണ് ഇരുരാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് വഴിതുറന്നത്.
കേസിൽ പ്രതിയാക്കാനായി ഹൈക്കമ്മീഷണർ അടക്കം കാനഡ ലക്ഷ്യമിടുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കുന്നതായി ഇന്ത്യ പറഞ്ഞു. ഇന്ത്യയ്ക്കെതിരായ തീവ്രവാദത്തിനും അക്രമത്തിനും വിഘടനവാദത്തിനും ട്രൂഡോ ഗവണ്‍മെന്റിന്റെ പിന്തുണയ്ക്ക് ഇന്ത്യ മറുപടി നൽകുമെന്നും വാർത്താക്കുറിപ്പിലൂടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിലവിലെ കനേഡിയന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമില്ല. അതിനാല്‍ ഹൈകമ്മിഷണറേയും മറ്റു ഉദ്യോഗസ്ഥരേയും പിന്‍വലിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നു.- എന്നാണ് പത്രക്കുറിപ്പില്‍ പറഞ്ഞത്. നേരത്തെ കാനഡ സർക്കാരിന്‍റെ നീക്കത്തിൽ കനേഡിയൻ ഹൈക്കമ്മീഷണറെ നേരിട്ട് വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണറെ പ്രതിയാക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.