ദേശീയം

ബിജെപിക്കെതിരായ പോരാട്ടത്തിൽ ദേശീയതലത്തിൽ അജൻഡ 
നിശ്‌ചയിക്കുന്നത്‌ ഇടതുപക്ഷം : സീതാറാം യെച്ചൂരി

സിപിഐ എം നില മെച്ചപ്പെടുത്തും തെക്കേ ഇന്ത്യയിലേക്ക്‌ ബിജെപിക്ക്‌ കടന്നുകയറാനാകില്ല

ന്യൂഡൽഹി : ബിജെപിക്കെതിരായ പോരാട്ടത്തിൽ ദേശീയതലത്തിൽ അജൻഡ നിശ്‌ചയിക്കുന്നതിൽ ഇടതുപക്ഷമാണ്‌ മുന്നിലെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വഭേദഗതി നിയമം, കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, കർഷകദ്രോഹ കാർഷിക നിയമങ്ങൾ, ഇലക്‌ടറൽ ബോണ്ട്‌ തുടങ്ങിയ വിഷയങ്ങളിലും ഇടതുപക്ഷം ദേശീയതലത്തിൽ പ്രചാരണത്തിലും പ്രക്ഷോഭത്തിലും മുന്നിലുണ്ടായി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം പ്രകടനം മെച്ചപ്പെടുത്തും–- യെച്ചൂരി വാർത്താഏജൻസിയായ പിടിഐയ്‌ക്ക്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തെക്കേ ഇന്ത്യയിലേക്ക്‌ ബിജെപിക്ക്‌ കടന്നുകയറാനാകില്ല. വർഗീയ ധ്രുവീകരണത്തിലൂടെ ഉത്തരേന്ത്യയിൽ വികാരം ഉയർത്താൻ ബിജെപിക്ക്‌ കഴിഞ്ഞേക്കും. തെക്കേയിന്ത്യയിൽ അത്‌ സാധ്യമല്ല. തെരഞ്ഞെടുപ്പിൽ സിപിഐ എം നില മെച്ചപ്പെടുത്തും. ദേശീയ രാഷ്ട്രീയത്തിൽ അജൻഡ നിശ്‌ചയിക്കുന്നതിൽ ഇടതുപക്ഷത്തിനുള്ള പ്രസക്തി തെരഞ്ഞെടുപ്പിനുശേഷം വർധിക്കും. ഇടതുപക്ഷത്തിന്‌ ലോക്‌സഭയിൽ പ്രാതിനിധ്യം ലഭിക്കും. ഇക്കുറി കൂടുതൽ സംസ്ഥാനങ്ങളിൽനിന്ന്‌ എംപിമാരുണ്ടാകും–- യെച്ചൂരി പറഞ്ഞു.
“ബിജെപി കൊണ്ടുവന്ന ഭരണഘടനാവിരുദ്ധവും വിഘടിതവുമായ ഏതൊരു വിഷയത്തിലും ഇടതുപക്ഷമാണ്‌ വിയോജിപ്പിന്‌ തുടക്കമിട്ടതും ജനകീയ പ്രക്ഷോഭങ്ങൾക്ക്‌ വഴിയൊരുക്കും വിധം അജൻഡ കൊണ്ടുവന്നതും. കശ്‌മീരിന്‌ പ്രത്യേക പദവി അനുവദിച്ചിരുന്ന 370–-ാം അനുച്‌ഛേദം എടുത്തുകളഞ്ഞപ്പോൾ ആദ്യം എതിർപ്പുയർത്തിയത്‌ ഇടതുപക്ഷമാണ്‌. കേന്ദ്രസർക്കാരിന്റെ വിലക്ക്‌ ലംഘിച്ച്‌ ആദ്യം ശ്രീനഗറിലെത്തിയത്‌ ഞാനാണ്‌. സുപ്രീംകോടതിയെ സമീപിച്ച്‌ ഉത്തരവുകൾ സമ്പാദിക്കാനായി.

പൗരത്വഭേദഗതി നിയമത്തിലും ദേശീയതലത്തിൽ പ്രക്ഷോഭത്തിന്‌ തുടക്കമിട്ടത്‌ ഇടതുപക്ഷമാണ്‌. കോടതിയെയും സമീപിച്ചു. ഇലക്‌ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതി വിധി നേടി. ബിൽക്കിസ്‌ ബാനു കേസിലും കോടതിയെ സമീപിച്ച്‌ അനുകൂല വിധി നേടിയെടുത്തത്‌ സിപിഐ എമ്മാണ്‌’–- യെച്ചൂരി പറഞ്ഞു. കിസാൻസഭയുടെ നേതൃത്വത്തിലുണ്ടായ കർഷകസമരം കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കാൻ സർക്കാരിനെ നിർബന്ധിതമാക്കി. മോദിക്ക്‌ പിന്നാക്കം പോകേണ്ടിവന്ന ഘട്ടമാണതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button