പാർലമെന്റ് സമിതി മുമ്പാകെ കളവുപറഞ്ഞു; സിംഗപ്പൂർ പ്രതിപക്ഷ നേതാവിന് പിഴ

സിംഗപ്പൂർ : പാർലമെന്റ് സമിതി മുമ്പാകെ കളവുപറഞ്ഞെന്ന പരാതിയിൽ സിംഗപ്പൂരിലെ ഇന്ത്യയിൽ വേരുള്ള പ്രതിപക്ഷ നേതാവ് പ്രീതം സിങ്ങിന് 14,000 സിംഗപ്പൂർ ഡോളർ (9,06,552 ഇന്ത്യൻ രൂപ) പിഴ. ജില്ല കോടതിയാണ് സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
രണ്ടു കുറ്റങ്ങളിലും പരമാവധി പിഴത്തുകയായ ഏഴായിരം സിംഗപ്പൂർ ഡോളർ വീതം പിഴയിട്ടു. 10,000 ഡോളറിന് മുകളിൽ പിഴ ലഭിക്കുകയോ ഒരു വർഷമെങ്കിലും ജയിലിൽ കഴിയുകയോ ചെയ്താൽ സിംഗപ്പൂർ നിയമം അനുസരിച്ച് സിറ്റിങ് എം.പിക്ക് സ്ഥാനം നഷ്ടമാകും.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാകില്ല. എന്നാൽ, ഇത് സിങ്ങിന്റെ കാര്യത്തിൽ ബാധകമാവില്ലെന്ന് തെരഞ്ഞെടുപ്പ് വകുപ്പ് അറിയിച്ചു.
ഈ വർഷം നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സിങ് പറഞ്ഞു. വിധി പരിശോധിക്കുകയാണെന്നും അപ്പീൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.