വെള്ളി വിലയും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്ക്

മുംബൈ : ആഭ്യന്തരവും അന്താരാഷ്ട്രവുമായ വിപണികളിൽ വെള്ളി വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.വ്യാഴാഴ്ച ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ വില കിലോഗ്രാമിന് 4ലക്ഷം രൂപ എന്ന റെക്കോർഡ് മാർക്ക് കടന്നു. ഒപ്പത്തിനൊപ്പം സ്വർണ്ണവും സര്‍വ്വകാല കുതിപ്പ് രേഖപ്പെടുത്തി മുന്നേറുന്നു. 10ഗ്രാമിന് 1.8ലക്ഷം രൂപ എന്ന ലൈഫ് ടൈം റെക്കോർഡ് നിലവാരത്തിലാണ് മുന്നേറ്റം.
ശക്തമായ നിക്ഷേപക ആവശ്യം,അന്താരാഷ്ട്ര വിപണിയിലെ റെക്കോർഡ് നേട്ടങ്ങൾ,കൂടാതെ വ്യവസായ ആവശ്യകതയിലെ വർധന എന്നിവയാണ് വെള്ളിയുടെ കുതിപ്പിന് പിന്നിലെ പ്രധാന കാരണങ്ങൾ.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (MCX)ൽ മാർച്ച് ഡെലിവറിയ്ക്കുള്ള വെള്ളി ഫ്യൂച്ചേഴ്സ് വില 22,090രൂപ ഉയര്‍ന്നു. 5.73ശതമാനം ഉയർച്ചയാണ് രേഖപ്പെടുത്തിയത്.ഇതോടെ കിലോഗ്രാമിന് 4,07,456എന്ന സർവകാല റെക്കോർഡ് നിലയിൽ എത്തി നിൽക്കുന്നു.ആഭ്യന്തര വിപണിയിൽ വെള്ളി ആദ്യമായാണ് നാല് ലക്ഷം എന്ന പ്രതീക്ഷിത പരിധി മറികടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലും വെള്ളി ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്.കോമെക്സിൽ (Comex)വെള്ളി ഫ്യൂച്ചേഴ്സ് ഔൺസിന് 119.51യുഎസ് ഡോളർ എന്ന പുതിയ റെക്കോർഡ് നിലവാരത്തിലെത്തി.
വ്യവസായ മേഖലകളിൽ, പ്രത്യേകിച്ച് സോളാര്‍ പാനലുകൾ, ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ശക്തമായ ആവശ്യകതയാണ് വെള്ളിയുടെ വില ഉയരാൻ സഹായിച്ചതെന്ന് വിദഗ്ധർ വ്യക്തമാക്കി.
വിദേശ വിപണിയിൽ യുഎസ് ഡോളറിന്റെ ദൗർബല്യവും വെള്ളിക്ക് അധിക പിന്തുണ നൽകി.ഡോളർ ദുർബലമാകുമ്പോൾ,ബുള്ളിയൻ ലോഹങ്ങളിൽ നിക്ഷേപം കൂടുതൽ ആകർഷകമാകുന്നത് പതിവാണ്.ഇതിന്റെ പ്രയോജനം വെള്ളി പൂർണമായി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ പറഞ്ഞു.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ഉയരുന്ന ജിയോപൊളിറ്റിക്കൽ സംഘർഷങ്ങളും നിക്ഷേപകരെ സുരക്ഷിത നിക്ഷേപ മാർഗങ്ങളിലേക്ക് (safe-haven assets)തിരിയാൻ പ്രേരിപ്പിച്ചു. ഇതിന്റെ ഫലമായി സ്വർണത്തേക്കാൾ വേഗത്തിൽ വെള്ളി മുന്നേറുന്ന പ്രവണതയാണ് അടുത്തകാലത്ത് വിപണിയിൽ കാണുന്നത്. വെള്ളി വിലയിലെ ഈ കുതിപ്പ് അടുത്ത ദിവസങ്ങളിലും തുടരാനിടയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
തിളക്കം കുറയാതെ സ്വര്‍ണ്ണവും
വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിൽ സ്വർണ വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്.സംസ്ഥാനത്ത് പവന്റെ വില 8,640രൂപ കൂടി 1,31,160രൂപയായി.ഗ്രാമിന്റെ വില 1080രൂപ വർധിച്ച് 16,395രൂപ എന്ന നിലവാരത്തിലേക്ക് കയറി.



