സീമൻസ് ജീവനക്കാരെ വൻ തോതിൽ പിരിച്ചുവിടാനൊരുങ്ങുന്നു

ബെർലിൻ : ടെക് ലോകത്തെ ഭീമൻ കമ്പനികളിലൊന്നായ ജർമൻ കമ്പനി സീമൻസ് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. നിലവിലെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ ജീവനക്കാരെ കുറയ്ക്കാതെ മറ്റ് വഴികളില്ലെന്നാണ് കമ്പനിയുടെ സിഇഒ റോളൻ്റ് ബുഷ് പറഞ്ഞത്. അയ്യായിരം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഫാക്ടറി ഓട്ടോമേഷൻ സെക്ടറിലെ ജീവനക്കാരെയാണ് ആഗോള തലത്തിൽ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. തങ്ങളുടെ ഡിജിറ്റൽ ഇൻഡസ്ട്രി ഡിവിഷനിൽ 46 ശതമാനം ലാഭം ഇടിഞ്ഞതോടെയാണ് കമ്പനിയുടെ നീക്കം. 2024 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ കണക്കുകൾ സാമ്പത്തിക നയംമാറ്റത്തിന് പ്രേരിപ്പിക്കുന്നുവെന്നാണ് ബുഷ് പറഞ്ഞത്.
എന്നാൽ സീമൻസിൻ്റെ ഇൻഡസ്ട്രിയൽ ബിസിനസിൽ 3.1 ബില്യൺ ഡോളറിൻ്റെ വരുമാനമാണ് ഉണ്ടായത്. ഇതിൽ ലാഭം 15.5 ശതമാനത്തോളം വരും. എന്നാൽ ആഗോള തലത്തിലെ യുദ്ധ സാഹചര്യവും മാക്രോ ഇക്കണോമിക് വെല്ലുവിളികളും ചൂണ്ടിക്കാട്ടിയാണ് സീമൻസ് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്.
ലോകമാകെ കൺസ്യൂമർ ഡിമാൻ്റ് താഴേക്ക് പോകുമെന്നും വ്യാപാര ശൃംഖലയ്ക്ക് തടസമുണ്ടാകുമെന്നും സീമൻസ് പ്രതീക്ഷിക്കുന്നുണ്ട്. ദീർഘകാല വളർച്ചയ്ക്ക് ഇപ്പോൾ ഈ നടപടി സ്വീകരിക്കാതെ പറ്റില്ലെന്നാണ് സിഇഒ വ്യക്തമാക്കിയത്. ലോകമാകെ 70000 പേരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്.