അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; 2 പേര്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍ : അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വെടിവെച്ചയാള്‍ സ്വയം വെടിവെച്ച് മരിച്ചതായും പൊലീസ് പറഞ്ഞു.
വിസ്‌കോണ്‍സിനിലെ മാഡിസണിലുള്ള സ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അധ്യാപകനാണ്. 17 വയസുള്ള വിദ്യാര്‍ഥിനിയാണ് വെടിവെച്ചതെന്നാണ് പ്രാഥമിക വിവരം. പൊലീസ് എത്തിയപ്പോഴേയ്ക്കും കുറ്റവാളി സ്വയം വെടിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആറ് പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. എല്‍കെജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ 400ഓളം വിദ്യാര്‍ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ മാഡിസണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യുഎസില്‍ 17 വയസുള്ള ഒരാള്‍ക്ക് നിയമപരമായി തോക്ക് കൈവശം വെയ്ക്കാന്‍ അധികാരമില്ല. തോക്ക് നിയന്ത്രണവും സ്‌കൂള്‍ സുരക്ഷയും ഇവിടെ വലിയ സാമൂഹിക പ്രശ്‌നമാണ്. സമീപ വര്‍ഷങ്ങളില്‍ വെടിവെപ്പുകളുടെ എണ്ണം വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം യുഎസില്‍ 322 സ്‌കൂളുകളിലാണ് വെടിവെപ്പ് നടന്നിട്ടുള്ളത്. 2023 ല്‍ 349 വെടിവെപ്പുകളാണുണ്ടായത്.