കേരളം

എസ്എഫ്‌ഐയെ ഇനി സഞ്ജീവും ശിവപ്രസാദും നയിക്കും

തിരുവനന്തപുരം : എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി പിഎസ് സഞ്ജീവിനെയും പ്രസിഡന്റായി എം ശിവപ്രസാദിനെയും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പിഎസ് സഞ്ജീവ് സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുമാണ്. ഭാരവാഹികളായി ഇരുവരെയും സമ്മേളനം ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്.

വൈസ് പ്രസിഡന്റുമാരായി പി ബിബിന്‍ രാജ്, താജുദ്ദീന്‍ പി, അഡ്വ. പി അക്ഷര, സാന്ദ്ര രവീന്ദ്രന്‍, കെ എസ് അമല്‍. ജോയി സെക്രട്ടറിമാരായി എന്‍ ആദില്‍, ടോണി കുരിയാക്കോസ്, കെ യു സരിത, സയ്യിദ് മുഹമ്മദ് സാദിഖ്, എസ് കെ ആദര്‍ശ് എന്നിവരെയും തെരഞ്ഞെടുത്തു.

സ്വകാര്യ സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ നിയന്ത്രണവും സാമൂഹിക നീതിയും മെറിറ്റും ജനാധിപത്യവും ഉറപ്പുവരുത്തണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ സ്വകാര്യ സര്‍വകലാശാലയില്ലാത്ത രണ്ട് സംസ്ഥാനങ്ങളിലൊന്നു കേരളമാണ്. പുതിയ വിദ്യാഭ്യാസ നയം നടപ്പില്‍വരുത്തുന്നതിന്റെ ഭാഗമായും യുജിസിയുടെ കടുത്ത നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്തു കൂടുതല്‍ ഡീംഡ് യൂണിവേഴ്സിറ്റികള്‍ക്കോ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വകാര്യ സര്‍വകലാശാലകള്‍ക്കോ പ്രവര്‍ത്തനം നടത്താവുന്നതാണെന്നും പ്രമേയത്തില്‍ പറയുന്നു.

യാതൊരു തരത്തിലും സര്‍ക്കാര്‍ നിയന്ത്രണമില്ലാതെ ഡീംഡ് യൂണിവേഴ്സിറ്റികള്‍ കേരളത്തില്‍ കൂടുതല്‍ ആരംഭിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ മേഖല കച്ചവട ചരക്കാകുന്നതിനു കാരണമാകും. സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹിക നീതിയും മെറിറ്റും ജനാധിപത്യവും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹിക നീതിയും മെറിറ്റും പോലെ തന്നെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സംഘടനാ സ്വാതന്ത്ര്യവും ഉറപ്പുവരുത്തണമെന്നും വിദ്യാര്‍ഥി യൂണിയന്‍ അടക്കമുള്ള ജനാധിപത്യവേദികള്‍ ഉറപ്പുവരുത്തണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button