മാൾട്ടയുമായി അടുത്തബന്ധമുള്ള സെർജിയോ ഗോർ ഇന്ത്യയിലെ യുഎസ് അംബാസഡർ പദവിയിലേക്ക്

മാൾട്ടയുമായി അടുത്തബന്ധമുള്ള ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തൻ സെർജിയോ ഗോർ ഇന്ത്യയിലെ യുഎസ് അംബാസഡർ പദവിയിലേക്ക്. തന്റെ ബാല്യത്തിന്റെ ഒരു ഭാഗം മാൾട്ടയിൽ ചെലവഴിച്ച ഗോർ ഇന്ത്യയിലെ യു.എസ് അംബാസഡർ എന്ന പദവിക്കൊപ്പം ദക്ഷിണ, മധ്യേഷ്യൻ കാര്യങ്ങൾക്കായുള്ള പ്രത്യേക ദൂതനുമായി തെരഞ്ഞെടുക്കപ്പെട്ടേക്കും. നിലവിൽ വൈറ്റ് ഹൗസ് ചുമതലയിലുള്ള ഗോറിന്റെ നിയമനം സെനറ്റ് പരിഗണനയിലാണ്. യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര, നയതന്ത്ര സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന സമയത്ത് ഏറ്റവും തന്ത്രപരമായി പ്രധാനപ്പെട്ട നയതന്ത്ര പദവികളിൽ ഒന്നാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപ് ഗോറിന്റെ നാമനിർദ്ദേശം പ്രഖ്യാപിച്ചത് .ഗോറിനെ “വർഷങ്ങളായി എന്റെ പക്ഷത്തുണ്ടായിരുന്ന” ഒരു “മികച്ച സുഹൃത്ത്” എന്ന് വിശേഷിപ്പിച്ച ട്രംപ് പ്രസിഡൻഷ്യൽ പേഴ്‌സണൽ ഡയറക്ടർ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ പ്രശംസിച്ചു.”ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഒരു പ്രദേശത്തിന്, എന്റെ അജണ്ട നിറവേറ്റാനും അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ സഹായിക്കാനും എനിക്ക് പൂർണ്ണമായും വിശ്വസിക്കാൻ കഴിയുന്ന ഒരാൾ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. സെർജിയോ ഒരു അത്ഭുതകരമായ അംബാസഡറാകും. അഭിനന്ദനങ്ങൾ സെർജിയോ!”-ട്രംപ് ഇങ്ങനെ കുറിച്ചു. സെനറ്റ് സ്ഥിരീകരണ പ്രക്രിയ പൂർത്തിയാകുന്നതുവരെ ഗോർ വൈറ്റ് ഹൗസ് റോളിൽ തുടരും.