അന്തർദേശീയം

ബഹാമാസിൽ സുരക്ഷാ ഭീഷണി; യു.എസിന്‍റെ കർശന മുന്നറിയിപ്പ്

വാഷിങ്ടൺ : വിനോദസഞ്ചാര കേന്ദ്രമായ ബഹാമാസിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുന്നവർക്കായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് പുതിയ ലെവൽ 2 യാത്ര നിർദേശം പുറത്തിറക്കി. കവർച്ച, ലൈംഗികാതിക്രമം, കടൽ സ്രാവുകളുടെ ആക്രമണം, സുരക്ഷയില്ലാത്ത വാട്ടർ സ്പോർട്‌സ് തുടങ്ങിയ പ്രശ്നങ്ങൾ മുന്നിൽകണ്ടാണ് ഈ കർശന മുന്നറിയിപ്പ്.

ബഹാമാസിന്റെ തലസ്ഥാനമായ നസ്സാവുവിലെ ‘ഓവർ ദി ഹിൽ’ മേഖല അപകടസാധ്യതയുള്ളതായി യു.എസ് മുന്നറിയിപ്പിൽ പറയുന്നു. ഇവിടെ ഗുണ്ടാസംഘങ്ങൾ താമസക്കാരെ കൊലപ്പെടുത്തുകയും നിരന്തരം അക്രമങ്ങൾ നടക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്. ഈ പ്രദേശങ്ങളിൽ സന്ദർശകർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് യു.എസ് സർക്കാർ നിർദേശിക്കുന്നു.

സുരക്ഷയില്ലാത്ത ഹോട്ടലുകളിൽ താമസിക്കുന്നത് അപകടകരമാണെന്നും, വാതിലുകളും ജനലുകളും പൂട്ടി വെക്കണമെന്നും പരിചയമില്ലാത്ത ആളുകൾക്ക് വന്നാൽ വാതിൽ തുറക്കരുതെന്നും നിർദേശത്തിൽ പറയുന്നു. ബഹാമാസിലെ ബോട്ടിംഗ് പ്രവർത്തനങ്ങൾ പലപ്പോഴും സുരക്ഷിതമല്ല. പരിക്കുകളും, നിരവധി മരണങ്ങളും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ടെന്നും പല ഓപ്പറേറ്റർമാർക്കും ലൈസൻസോ ഇൻഷുറൻസോ ഇല്ല എന്നതും വാട്ടർ സ്‌പോർട്‌സ് പ്രവർത്തനങ്ങളെ കൂടുതൽ അപകടകരമാക്കുന്നു.

നസ്സാവുവിലെ ഡൗൺടൗൺ ബീച്ചുകളിലും സമീപ പ്രദേശങ്ങളിലുമുള്ള ജെറ്റ് സ്കീ ഓപ്പറേറ്റർമാർക്കെതിരേ ലൈംഗികാതിക്രമം സംബന്ധിച്ച നിരവധി പരാതികൾ അടുത്തിടെ ലഭിച്ചതായി യു.എസ് അധികൃതർ പറയുന്നു. അതിനാൽ, അനധികൃതവും ലൈസൻസ് ഇല്ലാത്തതുമായ ഓപ്പറേറ്റർമാരിൽ നിന്ന് സേവനങ്ങൾ ഒഴിവാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ സ്രാവുകളുടെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആക്രമണങ്ങൾ ഗുരുതര പരിക്കുകൾക്കും മരണങ്ങൾക്കും കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് വാട്ടർ ആക്ടിവിറ്റികൾക്കിടയിൽ ഇത്തരം അപകട സാധ്യതകൾ ഉയർന്നിട്ടുണ്ട്.

നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കുക, പൊതുസ്ഥലങ്ങളിൽ ജാഗ്രത പാലിക്കുക എന്നതാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ പ്രധാന മുന്നറിയിപ്പ്. അപകട സാധ്യതയുള്ള മേഖലകൾ ഒഴിവാക്കി, സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ യാത്രക്കാരോട് നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button