യുഎസ് വ്യോമസേനാ താവളത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് വീഴ്ത്തി

അരിസോണ : വ്യോമ സേനാ താവളത്തിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചയാളെ വെടിവച്ച് വീഴ്ത്തി സുരക്ഷാ ഉദ്യോഗസ്ഥർ. അരിസോണയ്ക്ക് സമീപത്ത് ടക്സണിലെ ഡേവിസ് മോൻതാൻ വ്യോമസേനാ താവളത്തിലാണ് സൈനികനല്ലാത്തൊരാൾക്ക് വെടിയേറ്റത്. പുലർച്ച 2.30ഓടെയാണ് സാധാരണക്കാരനായൊരാൾ വ്യോമ സേനാ താവളത്തിലേക്ക് കടക്കാനുള്ള ശ്രമം നടത്തിയത് ശ്രദ്ധിക്കുന്നത്. പ്രധാന വാതിൽ മറികടന്ന് താവളത്തിനകത്തേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് ഇയാൾക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തത്.
പ്രധാന കവാടത്തിൽ തിരിച്ചറിയൽ രേഖകൾ കാണിക്കാൻ തയ്യാറാകാതെ ഇയാൾ വ്യോമസേനാ താവളത്തിനകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം ബാരിക്കേഡുകൾ തട്ടിമറിച്ച് മുന്നോട്ട് പോവുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തത്. 355 സെക്യൂരിറ്റി ഫോഴ്സസ് സ്ക്വാഡ്രൻ അംഗമാണ് വെടിയുതിർത്തത്.
ജീവഹാനി സംഭവിച്ചതിൽ ഖേദിക്കുന്നതായും എന്നാൽ ഒഴിവാക്കാനാവാത്ത സാഹചര്യത്തിലായിരുന്നു വെടിയുതിർത്തതെന്നാണ് 355 സെക്യൂരിറ്റി ഫോഴ്സസ് സ്ക്വാഡ്രൻ കമാൻഡർ വിശദമാക്കുന്നത്. വ്യോമ സേനാ ജീവനക്കാരുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം കൽപ്പിക്കുന്നതിനാലാണ് സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തത്. ഡേവിസ് മോൻതാൻ വ്യോമസേനാ താവളത്തിൽ 11000 വ്യോമസേനാംഗങ്ങളും 34 പ്രത്യേക ദൗത്യ സംഘാംഗങ്ങളുമാണ് താമസിക്കുന്നത്. വിരമിച്ച ഉദ്യോഗസ്ഥർക്കായുള്ള സെറ്റിൽമെന്റുകളും ഈ താവളത്തിനുള്ളിലുണ്ട്.