പുതിയ വികസന സ്വപ്നങ്ങളിലേക്ക്; സീപ്ലെയിന്‍ പരീക്ഷണപ്പറക്കല്‍ വിജയകരം
കൊച്ചി : കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിന് പ്രതീക്ഷയുടെ പുതിയ ചിറക് നല്കി സീപ്ലെയിന്‍ പരീക്ഷണപ്പറക്കല്‍ വിജയകരം. പരീക്ഷണപ്പറക്കലിന്റെ ഭാഗമായി ബോള്‍ഗാട്ടി പാലസിന് സമീപം കായലില്‍ നിന്ന് പറന്നുയര്‍ന്ന സീപ്ലെയിന്‍ ലക്ഷ്യസ്ഥാനമായ മാട്ടുപ്പെട്ടിയില്‍ ഒരു മണിക്കൂറിനകം ലാന്‍ഡ് ചെയ്തു. ബോള്‍ഗാട്ടി പാലസില്‍ സീപ്ലെയിനിന്റെ ഫ്ലാഗ് ഓഫ് കര്‍മം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് നിര്‍വഹിച്ചത്. വിമാനത്തില്‍ മന്ത്രിമാര്‍ അടക്കം യാത്ര ചെയ്തു.
പരീക്ഷണപ്പറക്കലിന് എത്തിയ ഡി ഹാവില്ലന്‍ഡ് കാനഡയുടെ സീപ്ലെയിന്‍ ഞായറാഴ്ച പകല്‍ 3.30നാണ് കൊച്ചി കായലിലെ വാട്ടര്‍ഡ്രോമില്‍ പറന്നിറങ്ങിയത്. സീപ്ലെയിനിന് എല്ലാ സാങ്കേതികപിന്തുണയും നല്‍കുന്നത് സിയാലാണ്.
ചെറുവിമാനത്തില്‍ 17 സീറ്റാണുള്ളത്. 30 സീറ്റുള്ളവയുമുണ്ട്. റണ്‍വേയ്ക്കുപകരം വെള്ളത്തിലൂടെ നീങ്ങിയാണ് പറന്നുയര്‍ന്നത്. വെള്ളത്തില്‍ത്തന്നെ ലാന്‍ഡ് ചെയ്യുന്ന തരത്തിലാണ് സീപ്ലെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിമാനത്തിന്റെ വലിപ്പവും യാത്രികരുടെ എണ്ണവും അനുസരിച്ച് വ്യത്യാസപ്പെടുമെങ്കിലും ആറടി ആഴമുള്ള ജലാശയത്തില്‍പ്പോലും സുരക്ഷിതമായി ഇറങ്ങാനാകും.
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളിലൂടെയാണ് യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുക. ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കുപുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കല്‍ എന്നിവിടങ്ങളിലാകും വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കുക. സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള സ്വകാര്യ കമ്പനിയും സ്പൈസ് ജെറ്റും ചേര്‍ന്നാണ് ഡി ഹാവില്ലന്‍ഡ് കാനഡയുടെ സര്‍വീസ് നിയന്ത്രിക്കുന്നത്.
യാത്രാദൂരവും സമയവും കുറയുന്നത് സീപ്ലെയിനിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കും. സംരംഭങ്ങളും തൊഴിലവസരങ്ങളും ഇതോടൊപ്പം വര്‍ധിക്കുമെന്നതും പ്രത്യേകതയാണ്. വ്യത്യസ്ത കേന്ദ്രങ്ങളെ ചേര്‍ത്തുള്ള പുതിയ ടൂറിസം പാക്കേജുകളും നിലവില്‍ വരും. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജണല്‍ കണക്ടിവിറ്റി സ്കീമിലുള്ള പദ്ധതിയില്‍ താങ്ങാവുന്ന തരത്തിലാകും യാത്രാനിരക്കുകള്‍. സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിലൂടെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കോര്‍ത്തിണക്കിയുള്ള പാക്കേജടക്കം വലിയ സാധ്യത തുറക്കുമെന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു.