സൗദിയിൽ 100 കോടി ഡോളർ ചെലവിൽ ‘ട്രംപ് പ്ലാസ ജിദ്ദ’ നിർമ്മിക്കുന്നു

ജിദ്ദ : അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ദാർ ഗ്ലോബലും ട്രംപ് ഓർഗനൈസേഷനുമായി ചേർന്ന് ജിദ്ദയിൽ പുതിയ പദ്ധതിക്ക് തുടക്കമിടുന്നു. 100 കോടി ഡോളറിലധികം മൂല്യം പ്രതീക്ഷിക്കുന്ന പദ്ധതിയ്ക്ക് ‘ട്രംപ് പ്ലാസ ജിദ്ദ’ എന്നാണ് പേരിട്ടിരിക്കുന്നത്.
ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് റോഡിലാണ് ട്രംപ് പ്ലാസ ജിദ്ദ നിർമ്മിക്കുന്നത്. ട്രംപ് ഓർഗനൈസേഷൻ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ഡോണള്‍ഡ് ട്രംപിന്റെ മകനുമായ എറിക് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ പദ്ധതിയിൽ പ്രീമിയം റെസിഡൻസുകൾ, സർവിസ് അപ്പാർട്ടുമെൻറുകൾ, ഗ്രേഡ് എ ഓഫിസ് സ്ഥലങ്ങൾ, പ്രത്യേക ടൗൺ ഹൗസുകളും എന്നിവ ഉൾപ്പെടുന്നുണ്ട്. പ്രീമിയം റീട്ടെയിൽ ഔട്ട്ലെറ്റുകൾ, കഫേകൾ, റെസ്റ്റോറന്റുകൾ എന്നിവയും ഇവിടെ നിർമ്മിക്കും.
ന്യൂയോർക്കിലെ സെൻട്രൽ പാർക്കിന്റെ അതെ മാതൃകയിൽ പദ്ധതി പ്രദേശത്തിന്റ മധ്യഭാഗത്ത് പാർക്കുമൊരുക്കും. ഇവയുടെ നിർമ്മാണം ഈ വർഷം അവസാനത്തോടെ ആരംഭിക്കും. 2029 ൽ പദ്ധതി പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ.
ആധുനിക ജീവിതവും, ബിസിനസ് അന്തരീക്ഷവും ഒരുമിപ്പിച്ച് സൗദിയിലെ ആഡംബര ജീവിതത്തിന് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കാൻ ദാർ ഗ്ലോബലുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് എറിക് ട്രംപ് വ്യക്തമാക്കി.
2024 ഡിസംബറിൽ ആരംഭിച്ച ‘ട്രംപ് ടവർ ജിദ്ദ’ക്ക് ശേഷമാണ് കമ്പനി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത് എന്നും ശ്രദ്ദേയമാണ്.