കേരളംടെക്നോളജി

സ്വകാര്യമേഖലയില്‍ നിര്‍മിച്ച കേരളത്തിലെ ആദ്യ ഉപഗ്രഹം ‘നിള’ ബഹിരാകാശത്ത് പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം : ‘നിള’ ബഹിരാകാശത്ത് കേരളത്തിന്റെ കയ്യൊപ്പ്. കേരളത്തില്‍ നിര്‍മിച്ച ഉപഗ്രഹം ബഹിരാകാശത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ജര്‍മന്‍ പഠനോപകരണവുമായി സ്‌പേസ് എക്‌സിന്റെ ട്രാന്‍സ്‌പോര്‍ട്ടര്‍ 13 ദൗത്യത്തില്‍ മാര്‍ച്ച് 15 നാണ് ആണ് ടെക്‌നോപാര്‍ക്കിലെ ചെറുകിട ഉപഗ്രഹ നിര്‍മാണ കമ്പനിയായ ഹെക്‌സ് 20യുടെ ‘നിള’ എന്ന ഉപഗ്രഹം ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായത്.

ജര്‍മന്‍ കമ്പനിയായ ഡിക്യൂബ്ഡിന്റെ ആക്‌ച്വേറ്റര്‍ എന്ന പേലോഡ് വഹിച്ച ‘നിള’ ചരിത്രം കുറിച്ചുകഴിഞ്ഞു. മറ്റു കമ്പനികളുടെ പേലോഡ് വഹിക്കുന്നതും ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ നിര്‍മിച്ചതുമായ ആദ്യ ഉപഗ്രഹം കൂടിയാണ് നിള. വിക്ഷേപണത്തിന് പിന്നാലെ മാര്‍ച്ച് 16 ന് തിരുവനന്തപുരത്തെ മരിയന്‍ എഞ്ചിനീയറിങ്ങ് കോളേജിലെ ഹെക്‌സ് 20 നിയന്ത്രണ കേന്ദ്രത്തിലേക്ക് പേടകം അതിന്റെ ആദ്യ സിഗ്നല്‍ നല്‍കുകയും ചെയ്തു.

ബഹിരാകാശ ഗവേഷണ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ (ഇന്‍-സെപെയ്‌സ്) പിന്തുണയോടെയാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. ബഹിരാകാശത്ത് കേരളത്തിന്റെ പേര് ഉറപ്പിക്കുന്ന നിള ദൗത്യം വിജയം കൈവരിക്കുമ്പോള്‍ ഒരു സൗഹൃദകൂട്ടായ്മയുടെ സ്വപ്‌നം കൂടിയാണ് യാഥാര്‍ഥ്യമാകുന്നത്. ലിയോഡ് ജേക്കബ് ലോപ്പസ്, അനുരാഗ് രഘു, അമല്‍ ചന്ദ്രന്‍, അശ്വിന്‍ ചന്ദ്രന്‍, അരവിന്ദ് എം ബി എന്നീ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഹെക്‌സ് 20 എന്ന സംരംഭത്തിന് തുടക്കമിടുന്നത്. 2020 ല്‍ ആരംഭിച്ച കമ്പനി 2023 ലാണ് തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിയത്. കമ്പനിയുടെ ആദ്യ പ്രധാന ദൗത്യമായ നിള പുര്‍ണമായും സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പൂര്‍ത്തിയാക്കിയത്.

ഐഎസ്ആര്‍ഒയുടെ പൂര്‍ണ പിന്തുണയും പദ്ധതിക്ക് ലഭിച്ചിരുന്നു. മരിയന്‍ കോളേജില്‍ ഉപഗ്രഹ നിയന്ത്രണ സംവിധാനം ഉള്‍പ്പടെ സജ്ജമാക്കാന്‍ ഐഎസ്ആര്‍ഒ സാങ്കേതിക സഹായം ഉള്‍പ്പെടെ നല്‍കിയിരുന്നു. ”ദേശീയ താത്പര്യങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്ന ദൗത്യങ്ങളാണ് ഐഎസ്ആര്‍ഒ മുന്‍ഗണന നല്‍കുന്നത്. എന്നിരുന്നാലും പരീക്ഷണ സൗകര്യങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കുന്നതിന് ഹെക്‌സ് 20 ക്ക് ഐഎസ്ആര്‍ഒ വലിയ പിന്തുണയാണ് നല്‍കിയത്” ഹെക്‌സ് 20 ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലോയ്ഡ് ജേക്കബ് ലോപ്പസ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

നിള ദൗത്യത്തിന് അപ്പുറം ബഹിരാകാശ ഗവേഷണങ്ങളില്‍ താത്പര്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഹെക്‌സ് 20 പ്രവര്‍ത്തിക്കുന്നത് എന്നും ലോയ്ഡ് പറയുന്നു. ”യുഎഇ സ്‌പേസ് ഏജന്‍സിയുമായി കമ്പനി നേരത്തെ സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയ്ക്ക് മുന്നില്‍ ഹെക്‌സ് 20 തുടക്കകാര്‍ മാത്രമാണ്. എന്നാല്‍ ബഹിരാകാശ ഗവേഷണ രംഗത്തെ സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് ഇന്ത്യയില്‍ വലിയ സാധ്യതയുണ്ട്. ഭാവിയില്‍ ഐഎസ്ആര്‍ഒയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഹെക്‌സ് 20 ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ലോയിഡ് പറയുന്നു.

ഐഎസ്ആര്‍ഒയുമായി സഹകരിച്ച് അടുത്തവര്‍ഷം തന്നെ ഒരു ഉപഗ്രഹം വിക്ഷേപിക്കാന്‍ പദ്ധതിയുണ്ടെന്നാണ് ഹെക്‌സ് 20 ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ അമല്‍ ചന്ദ്രന്‍ പറയുന്നത്. 50 കിലോ ഭാരം വരുന്ന ഉപഗ്രമാണ് ഈ ദൗത്യത്തിനായി തയ്യാറാക്കാന്‍ ശ്രമിക്കുന്നത്. നിള കമ്പനിയുടെ തുടക്കം മാത്രല്ല, ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള അടിത്തറയാണ്. ഈ മേഖലയില്‍ അന്താരാഷ്ട്ര സഹകരണം, ഗവേഷണം, വ്യാവസായിക വത്കരണം എന്നിവയിലെ മുന്നേറ്റങ്ങളുടെ ഭാഗമാകാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹെക്‌സ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button