ഒമാൻ-കോഴിക്കോട് 4560 രൂപയ്ക്ക് പറക്കാൻ അവസരം ഒരുക്കി സലാം എയർ

മസ്കത്ത് : വെറും 4560 (19.99 റിയാൽ) രൂപയ്ക്ക് ഒമാനിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാം. ഇതിനായി അവസരം ഒരുക്കിയിരിക്കുകയാണ് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. ഈ ഓഫർ പരിമിതകാലത്തേക്ക് മാത്രമായിരിക്കും എന്ന് സലാം എയർ അധികൃതർ വ്യക്തമാക്കി.
19.99 റിയാലിന് ഇന്ത്യയിലെ മറ്റ് നഗരങ്ങളായ ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യാം. ദോഹ,ദുബൈ,ദമാം എന്നീ സ്ഥലങ്ങളിലേക്കും ഇതേ നിരക്കിൽയാത്ര ചെയ്യാൻ സാധിക്കും. കെയ്‌റോ (സ്ഫിങ്ക്‌സ് വിമാനത്താവളം), കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് 24.99 റിയാൽ നൽകിയും യാത്ര ചെയ്യാം. ഓഫർ നിരക്കിൽ യാത്ര ചെയ്യുമ്പോൾ അഞ്ച് കിലോ ഹാൻഡ് ലഗേജ് കൊണ്ടുപോകാൻ കഴിയുമെന്നതും പ്രത്യേകതയാണ്.
ആഗസ്റ്റ് 24 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ. ഒക്ടോബർ ഒന്നിനും നവംബർ 30നും ഇടയിലാണ് ഓഫർ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുക. എല്ലാ ദിവസവും രാത്രി 11.05ന് മസ്‌കത്തിൽ നിന്ന് പുറപ്പെടുന്ന സലാം എയർ വിമാനം രാവിലെ 4.05 ന് ആണ് കോഴിക്കോട് എത്തുക. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്.