അന്തർദേശീയം

ക്യാൻസർ ചികിത്സാ രംഗത്തു പുത്തു പ്രതീക്ഷ; പുതിയ വാക്സിൻ വികസിപ്പിച്ച് റഷ്യൻ ഗവേഷകർ

മോസ്കോ : ക്യാൻസർ ചികിത്സാ രംഗത്തു പ്രതീക്ഷ പകർന്ന് റഷ്യൻ ഗവേഷകർ വികസിപ്പിച്ച വാക്സിൻ. എംആർഎൻഎ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി വികസിപ്പിച്ച എന്‍റെറോമിക്സ് എന്ന വാക്സിൻ ക്ലിനിക്കൽ ഉപയോഗത്തിനു സജ്ജമെന്നു റഷ്യയുടെ ഫെഡറൽ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ഏജൻസി (എഫ്എംബിഎ) അറിയിച്ചു.

വർഷങ്ങൾ നീണ്ട ഗവേഷണങ്ങളും മൂന്നു വർഷത്തെ പ്രീ ക്ലിനിക്കൽ പരീക്ഷണങ്ങളും പൂർത്തിയായെന്ന് എഫ്എംബിഎ മേധാവി വെറോനിക്ക സ്കവോട്സോവ അറിയിച്ചതായി റഷ്യൻ വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു.

പരമ്പരാഗത വാക്സിനുകളിൽ രോഗപ്പകർച്ചയ്ക്കുള്ള ശേഷി ഇല്ലാതാക്കിയ വൈറസിനെയാണ് ഉപയോഗിക്കുന്നത്. എന്നാൽ, പ്രതിരോധിക്കാൻ ഉദ്ദേശിക്കുന്ന രോഗാണുവിനെതിരേ സ്വാഭാവിക പ്രതിരോധ ശേഷി ശക്തമാക്കാനുള്ള പ്രോട്ടീനുകൾ ഉത്പാദിപ്പിക്കാൻ ശരീരത്തെ പ്രേരിപ്പിക്കുകയാണ് എംആർഎൻഎ വാക്സിനുകൾ ചെയ്യുന്നത്.

വാക്സിൻ ഫലപ്രദമെന്നാണ് ഇതുവരെയുള്ള പരീക്ഷണം തെളിയിക്കുന്നതെന്നു സ്കവോട്സോവ. ആവർത്തിച്ചുള്ള ഡോസുകളാണു കൂടുതൽ ഫലപ്രദം. വ്യത്യസ്തമായ ക്യാൻസർ വിഭാഗങ്ങളിൽ പരീക്ഷണം നടത്തി. ചിലതിൽ ട്യൂമറുകൾ പൂർണമായി ചുരുങ്ങിയപ്പോൾ മറ്റുള്ളവയിൽ ട്യൂമറുകളുടെ വളർച്ച 60 മുതൽ 80 വരെ ശതമാനമായി കുറഞ്ഞു. രോഗത്തിൽ നിന്നുള്ള അതിജീവനത്തോത് ഉയർന്നതാണെന്നും ഗവേഷകർ.

വൻകുടലിനെ ബാധിക്കുന്ന കോളോറെക്റ്റർ ക്യാൻസറിനെ പ്രതിരോധിക്കുന്നതിനാകും എന്‍റെറോമിക്സിന്‍റെ പ്രധാന ഉപയോഗം. അതിവേഗം തലച്ചോറിൽ പടരുന്ന ഗ്ലിയോബ്ലാസ്റ്റോമ, ത്വക്കിനെ ബാധിക്കുന്ന മെലനോമ, കണ്ണിനെ ബാധിക്കുന്ന ഓകുലാർ മെലനോമ തുടങ്ങിയ ക്യാൻസറുകളെ പ്രതിരോധിക്കാനാകും അടുത്തഘട്ടത്തിലെ ശ്രദ്ധ.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button