അന്തർദേശീയം

അലാസ്‌കയ്ക്ക് സമീപം റഷ്യന്‍ ബോംബര്‍; യുദ്ധവിമാനങ്ങളയച്ച് യു.എസ്

ന്യൂയോര്‍ക്ക് : യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യ- യുഎസ് ബന്ധം വഷളായിരിക്കുന്നതിനിടെ യു.എസിന്റെ ഭാഗമായ അലാസ്‌കയ്ക്ക് സമീപം റഷ്യയുടെ യുദ്ധവിമാനങ്ങളെത്തി. റഷ്യയുടെ തന്ത്രപ്രധാനമായ ബോംബര്‍ വിമാനമായ ടിയു-95, രണ്ട് എസ്‌യു-35 യുദ്ധവിമാനങ്ങള്‍ എന്നിവയാണ് അലാസ്‌കയ്ക്ക്‌ സമീപമെത്തിയത്. റഷ്യന്‍ യുദ്ധവിമാനങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിന് പിന്നാലെ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ യുദ്ധവിമാനങ്ങളെ അയച്ച് യുഎസ് പ്രതിരോധം തീര്‍ത്തു.

അലാസ്‌കയുടെ വ്യോമാതിര്‍ത്തിയോട് ചേര്‍ന്നുള്ള അലാസ്‌കന്‍ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണിലാണ് റഷ്യന്‍ വിമാനങ്ങളെത്തിയതെന്ന് നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡ് (NORAD) വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് റഷ്യന്‍ സൈനിക വിമാനങ്ങളുടെ സാന്നിധ്യം ഇവിടെയുണ്ടാകുന്നത്.

റഷ്യന്‍ വിമാനങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ അതിനെ തിരിച്ചറിയാന്‍ ഒരു ഇ-3 സെന്‍ട്രി കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ വിമാനവും, രണ്ട് എഫ്-16 യുദ്ധവിമാനങ്ങളും, രണ്ട് കെസി-135 സ്ട്രാറ്റോ ടാങ്കറുകളും നിയോഗിച്ചതായി നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡ് അറിയിച്ചു. റഷ്യന്‍ വിമാനം അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ തന്നെ തുടര്‍ന്നുവെന്നും യു.എസ്സിന്റെയോ കനേഡിയയുടേയോ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ചില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അലാസ്‌കന്‍ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണിനോട് ചേര്‍ന്ന് റഷ്യന്‍ വിമാനങ്ങള്‍ എത്തുന്നത് പതിവാണെന്നും ഇതൊരു ഭീഷണിയായി കാണുന്നില്ലെന്നുമാണ് നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡ് പറയുന്നത്.

അലാസ്‌കയോടു ചേര്‍ന്നുള്ള യുഎസിന്റെ അന്താരാഷ്ട്ര വ്യോമാര്‍ത്തി അവസാനിക്കുന്നിടത്താണ് അലാസ്‌കന്‍ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണ്‍ ആരംഭിക്കുന്നത്. ഈ പ്രദേശത്ത് എത്തുന്ന വിമാനങ്ങള്‍ സ്വയം തിരിച്ചറിയല്‍ നടത്തേണ്ടതുണ്ട്. എന്നാല്‍ റഷ്യന്‍ വിമാനം ഈ നടപടിക്രമം പാലിക്കാത്തതിനെ തുടര്‍ന്നാണ് യുദ്ധവിമാനങ്ങളെ വിന്യസിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് 26-ന് റഷ്യയുടെ ചാരവിമാനമായ ഐഎല്‍ -20 അലാസ്‌കയ്ക്ക് സമീപം ദീര്‍ഘനേരം പറന്നിരുന്നു. ഏതാണ്ട് രണ്ടര മണിക്കൂറോളം തുടര്‍ച്ചയായി പറന്നു. ഓഗസ്റ്റില്‍ തന്നെ ഒരാഴ്ചയ്ക്കിടെ നാല് പ്രവശ്യം ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിച്ചു. അതിന് മുമ്പ് ജൂലൈ, ഏപ്രില്‍, ഫെബ്രുവരി തുടങ്ങിയ മാസങ്ങളിലും റഷ്യന്‍ ചാരവിമാനം അലാസ്‌കയില്‍ നിരീക്ഷണത്തിനെത്തിയിരുന്നു.

യുദ്ധത്തില്‍ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ സഹായത്തോടെ യുക്രൈന് തിരികെ പിടിക്കാന്‍ സാധിക്കുമെന്ന് ട്രംപ് കഴിഞ്ഞതിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അലാസ്‌കയിലേക്ക് റഷ്യയുടെ യുദ്ധവിമാനങ്ങളെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button