ഉത്തരകൊറിയക്കെതിരേ സുരക്ഷാസഖ്യം; യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് റഷ്യയുടെ മുന്നറിയിപ്പ്

സോൾ : ഉത്തരകൊറിയക്കെതിരേ സുരക്ഷാസഖ്യമുണ്ടാക്കരുതെന്ന് യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയി ലാവ്റോവിന്റെ മുന്നറിയിപ്പ്. സൈനികരംഗത്തുൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുക ലക്ഷ്യമിട്ട് ഉത്തരകൊറിയൻ പര്യടനം തുടങ്ങിയ പശ്ചാത്തലത്തിലാണ് ലാവ്‌റോവിന്റെ ഭീഷണി. വെള്ളിയാഴ്ച കിഴക്കൻ നഗരമായ വൊൻസാനിലെത്തിയ ലാവ്റോവ് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി ഷോയെ സൊൻ ഹുയിയുമായി ചർച്ചനടത്തി.
സമീപവർഷങ്ങളിലായി റഷ്യയും ഉത്തരകൊറിയയും പരസ്പരസഹകരണം ശക്തിപ്പെടുത്തിയിരുന്നു. യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യയും ആണവമിസൈൽ പരീക്ഷണങ്ങളുടെ പേരിൽ ഉത്തരകൊറിയയും ആഗോളതലത്തിൽ നയതന്ത്ര ഒറ്റപ്പെടൽ നേരിടുന്ന സാഹചര്യത്തിലാണിത്. യുക്രൈനെതിരേയുള്ള യുദ്ധത്തിനായി റഷ്യയ്ക്ക് സൈനികരെയും ആയുധങ്ങളും നൽകിയിരുന്നു ഉത്തരകൊറിയ.
പകരം സൈനിക, സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ റഷ്യയും ഉത്തരകൊറിയക്ക് വാഗ്ദാനം ചെയ്തു. ഉത്തരകൊറിയയുടെ ആണവമിസൈൽ പദ്ധതിയെ സഹായിക്കാനുതകുന്ന സാങ്കേതികവിദ്യകൾ റഷ്യ കൈമാറുമോയെന്നത് എതിർചേരിയിലുള്ള ദക്ഷിണകൊറിയ, യുഎസ്, ജപ്പാൻ എന്നീ രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നു.ഇതേത്തുടർന്ന് അടുത്തകാലത്ത് കൊറിയൻ മുനമ്പിൽ ഈ രാജ്യങ്ങൾ സംയുക്തസൈനികാഭ്യാസങ്ങൾ സജീവമാക്കിയിരുന്നു.