അന്തർദേശീയം

റഷ്യ- യുക്രെയിൻ വെടിനിർത്തൽ കരാർ : തുർക്കിയിൽ നടന്ന ചർച്ചയിലും തീരുമാനമായില്ല

ഇസ്താംബുൾ : തുർക്കിയിൽ വച്ച് റഷ്യയുടെയും യുക്രെയ്ന്റെയും പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചകൾ അവസാനിച്ചു. വെടിനിർത്തൽ കരാറിലെത്താൻ ഈ ചർച്ചയിലും ഇരുരാജ്യങ്ങൾക്കും കഴിഞ്ഞിട്ടില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വെടിനിർത്തൽ വ്യവസ്ഥകള്‍ പലതും ഇരുരാജ്യങ്ങൾക്കും അംഗീകരിക്കാൻ കഴിയാതിരുന്നതോടെയാണ് തുർക്കിയിൽ നടന്ന ചർച്ചയിലും തീരുമാനമാകാതെ പിരിഞ്ഞത്.

ബുധനാഴ്ച നടന്ന യോഗത്തിൽ പ്രധാനമായും തടവുകാരെ കൈമാറുന്നതിനെ കുറിച്ചായിരുന്നു ഇരുരാജ്യങ്ങളും ചർച്ച ചെയ്തത്. 40 മിനിറ്റ് മാത്രമായിരുന്നു ചർച്ചയെന്നും ശത്രുത അവസാനിപ്പിക്കുന്നതിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും യുക്രെയ്നിന്റെ പ്രതിനിധി റസ്റ്റം ഉമെറോവ് പറഞ്ഞു. ഓഗസ്റ്റ് അവസാനത്തോടെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനും തമ്മിൽ ഒരു കൂടിക്കാഴ്ച നടത്താനും യുക്രെയ്ൻ നിർദേശം മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം റഷ്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഒരു കരാറിൽ എത്തുക എന്നതാണ് പ്രധാനമെന്ന് റഷ്യയുടെ പ്രതിനിധി വ്‌ളാഡിമിർ മെഡിൻസ്‌കി പറഞ്ഞു.

50 ദിവസത്തിനുള്ളിൽ ഒരു സമാധാന കരാറിൽ എത്തിയില്ലെങ്കിൽ റഷ്യയ്ക്കും അവരുടെ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കും മേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിമുഴക്കിയിരുന്നു. ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണ് തുർക്കിയിൽ വച്ച് ഇരുരാജ്യങ്ങളും ചർച്ചക്ക് തയാറായത്. ഇരുവശത്തുനിന്നുമായി കുറഞ്ഞത് 1,200 യുദ്ധത്തടവുകാരെയെങ്കിലും കൈമാറാനുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടർന്നാൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ബ്രസീലിനും 500 ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം യുഎസ് സെനറ്റർ ഭീഷണി മുഴക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button