യുക്രെയ്ൻ പുടിന്റെ വസതി ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തി : റഷ്യ

മോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ വസതി ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്. 91 ദീർഘദൂര ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ആളപയാമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും സെർജി ലാവ്‌റോവ് പറഞ്ഞു. ആക്രമണത്തെ തുടർന്ന് സമാധാന ചർച്ചകളിലെ നിലപാട് പുനപ്പരിശോധിക്കുമെന്നും റഷ്യ വ്യക്തമാക്കി.
ആരോപണം നുണയാണെന്നും, സമാധാനചർച്ചകൾ അട്ടിമറിക്കാനുള്ള റഷ്യയുടെ നീക്കമാണെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി പ്രതികരിച്ചു. യുക്രെയ്‌നെതിരെ ആക്രമണം തുടരാനുള്ള റഷ്യൻ നീക്കത്തിന്റെ സൂചനയാണ് ആരോപണമെന്നും സെലൻസ്‌കി കുറ്റപ്പെടുത്തി. ഫ്‌ളോറിഡയിൽ ട്രംപ്- സെലൻസ്‌കി ചർച്ച നടന്നതിനു പിന്നാലെയാണ് റഷ്യ ആരോപണം ഉന്നയിച്ചത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യുക്രെയ്നിലെ മോസ്കോയുടെ അധിനിവേശം അവസാനിപ്പിക്കാൻ നടന്നുകൊണ്ടിരിക്കുന്ന സമാധാന ചർച്ചകളിൽ റഷ്യയുടെ ചർച്ചാ നിലപാട് പരിഷ്കരിക്കും എന്ന് ലാവ്‌റോവ് പറഞ്ഞു. തിരിച്ചടിക്കായി റഷ്യ യുക്രെയ്നിലെ ലക്ഷ്യങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുക്കിയ 20 ഇന പദ്ധതിയിൽ 90 ശതമാനത്തിലും ധാരണയായെന്ന് സെലൻസ്കി പറഞ്ഞു. യുക്രെയ്നുള്ള അമേരിക്കയുടെ സുരക്ഷാ ഗ്യാരണ്ടിയുടെ കാര്യത്തിൽ 95 ശതമാനം ധാരണയിലെത്തിയെന്ന് ട്രംപ് അറിയിച്ചു. കഠിനമായ ചില സങ്കീർണ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനുണ്ടെന്നും ഡോൺബാസ് സ്വതന്ത്ര വ്യാപാര മേഖലയാക്കുന്ന കാര്യത്തിൽ ധാരണയിലെത്താനായില്ലെന്നും ട്രംപ് വ്യക്തമാക്കി.



