അമേരിക്കന്‍ ആണവ അന്തര്‍വാഹിനികള്‍ നിരീക്ഷണത്തിലാണ്; അത് തകർക്കാനും പറ്റും : റഷ്യ

മോസ്‌കോ : അമേരിക്കന്‍ ആണവ അന്തര്‍വാഹിനികള്‍ ‘അനുയോജ്യമായ’ മേഖലകളിലേക്ക്’ വിന്യസിക്കുമെന്ന ട്രംപിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് റഷ്യ. അമേരിക്കന്‍ അന്തര്‍വാഹിനികളെ നേരിടാന്‍ ആവശ്യമായ റഷ്യന്‍ ആണവ അന്തര്‍വാഹിനികള്‍ ആഴക്കടലിലുണ്ടെന്നാണ് റഷ്യന്‍ പാര്‍ലമെന്റിലെ മുതിര്‍ന്ന നേതാവായ വിക്ടര്‍ വൊഡോലാറ്റ്‌സ്‌കി പ്രതികരിച്ചത്.
ട്രംപ് പറഞ്ഞ അന്തര്‍വാഹിനികള്‍ പണ്ടേ റഷ്യയുടെ നിരീക്ഷണത്തില്‍ ഉള്ളവയാണെന്നും അതുകൊണ്ടുതന്നെ അവ റഷ്യയെ ഭയപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘ലോക സമുദ്രങ്ങളിലെ റഷ്യന്‍ ആണവ അന്തര്‍വാഹിനികളുടെ എണ്ണം അമേരിക്കയുടേതിനേക്കാള്‍ വളരെ കൂടുതലാണ്. മാത്രമല്ല, അനുയോജ്യമായ മേഖലകളിലേക്ക് മാറ്റാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ട അന്തര്‍വാഹിനികള്‍ പണ്ടേ ഞങ്ങളുടെ നിരീക്ഷണത്തില്‍ ഉള്ളവയാണ്. അതുകൊണ്ട് അന്തര്‍വാഹിനികളെക്കുറിച്ചുള്ള അമേരിക്കന്‍ നേതാവിന്റെ പ്രസ്താവനയ്ക്ക് റഷ്യ മറുപടി നല്‍കേണ്ട ആവശ്യമില്ല,’ വൊഡോലാറ്റ്‌സ്‌കി പറഞ്ഞു.
റഷ്യയുടെ മുന്‍ പ്രസിഡന്റും റഷ്യന്‍ സുരക്ഷാ കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാനുമായ ദിമിത്രി മെദ്‌വദേവിന്റെ ‘അങ്ങേയറ്റം പ്രകോപനപരമായ പ്രസ്താവനകളെ’ തുടര്‍ന്നാണ് അമേരിക്കന്‍ അന്തര്‍വാഹിനികളെ ‘അനുയോജ്യമായ മേഖലകളിലേക്ക്’ പുനര്‍വിന്യസിക്കാന്‍ താന്‍ ഉത്തരവിട്ടതെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു.
‘രണ്ട് യുഎസ് അന്തര്‍വാഹിനികളും സഞ്ചരിക്കട്ടെ, അവ കുറേക്കാലമായി ഞങ്ങളുടെ നിരീക്ഷണത്തിലാണ്.’ വൊഡോലാറ്റ്‌സ്‌കി പറഞ്ഞു. ‘ലോകം ശാന്തമാകാനും മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിര്‍ത്താനും റഷ്യയും അമേരിക്കയും തമ്മില്‍ ഒരു അടിസ്ഥാനപരമായ കരാര്‍ ഉണ്ടാകണം.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയും യുഎസും തമ്മില്‍ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടല്‍ ഉണ്ടാകരുതെന്ന യുഎസ് ഭരണകൂടത്തിന്റെ നിലപാടിനോട് റഷ്യ യോജിക്കുന്നുവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് നേരത്തെ പറഞ്ഞിരുന്നു.
യുക്രെയിനിനെ നാറ്റോയില്‍ ഉള്‍പ്പെടുത്താന്‍ വെപ്രാളത്തോടെ ശ്രമിക്കുകയും റഷ്യയുമായി ഒരു സംഘര്‍ഷത്തിന് തയ്യാറെടുക്കുകയും ചെയ്യുമ്പോള്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അടുത്തിടെ ഉത്തരവാദിത്തപരമായ നിലപാട് ആവര്‍ത്തിച്ചു, അമേരിക്കയും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്ന് അദ്ദേഹം വ്യക്തമായി പ്രസ്താവിച്ചു. ഈ നിലപാടിനോട് ഞങ്ങള്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ക്രിയാത്മകമായ റഷ്യന്‍-അമേരിക്കന്‍ സംഭാഷണത്തിലൂടെയാണ് ഇത്തരമൊരു ധാരണ സാധ്യമായത്.’ ലാവ്റോവ് പറഞ്ഞു.